മുഖത്തും കൈകാലുകളിലുമുള്ള എല്ലാ ചുവന്ന കുമിളകളും എംപോക്സ് ലക്ഷണമല്ല; പക്ഷേ സൂക്ഷിക്കണം, നിസാരക്കാരനല്ല എംപോക്സ്!!


കഴിഞ്ഞ ദിവസമായിരുന്നു യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗവ്യാപനം തടയാനായി ജില്ലയില്‍ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് കണ്ണൂരിലും എംപോക്‌സ് രോഗലക്ഷങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവതി ചികിത്സയിലാണെന്ന വാര്‍ത്തകള്‍ വന്നത്. ഇതോടെ ആളുകള്‍ക്ക് ആശങ്ക കൂടിയിരിക്കുകയാണ്.

വൈറല്‍ രോഗമയതിനാല്‍ പ്രത്യേക ചികിത്സ ഇല്ലാത്തതാണ് എംപോക്‌സ് എന്ന രോഗത്തെ ആളുകള്‍ ആശങ്കയോടെ നോക്കികാണുന്നത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഒരു പരിധിവരെ രോഗവ്യാപനം തടയാന്‍ സാധിക്കും.

എംപോക്സ് രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും വിശദമായി നോക്കാം

എന്താണ് എംപോക്സ്?

ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.

രോഗ പകർച്ച

കോവിഡോ എച്ച്1 എൻ1 ഇൻഫ്ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങൾ

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം

അസുഖബാധിതരായ ആൾക്കാരുമായി നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാർഗങ്ങൾ അവലംബിക്കാതെ അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം.

Description: Let’s have a detailed look at mpoxvirus disease and its prevention methods