എതിര്‍പ്പുകളോട് പൊരുതി ജയിച്ചു, ഇനി എന്നും ഒന്നിച്ച്; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ലെസ്ബിയന്‍ ദമ്പതികളായ ആദില നസ്‌റിനും കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയും


ല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആദില നസ്‌റിനും ഫാത്തിമ നൂറയും വിവാഹ ജീവിതത്തിലേക്ക് കൈകോര്‍ത്തു പിടിച്ചു. സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഇരുവരും തന്നെയാണ് വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്.

കൂട്ടുകാരിയായ ഫാത്തിമ നൂറയ്‌ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്‌റിന്‍ നേരത്തെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഫാത്തിമയെ കാണാനില്ലെന്നും കാണിച്ചായിരുന്നു നസ്‌റിന്‍ പരാതി നല്‍കിയത്. ഇതിന്റ അടിസ്ഥാനത്തില്‍ കോടതി ഇവര്‍ക്ക് ഒന്നിച്ചുജീവിക്കാനുള്ള അനുമതി നല്‍കിയിരുന്നു.

വിവാഹവസ്ത്രങ്ങളണിഞ്ഞ് അന്യോന്യം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങള്‍ക്കു താഴെ ഒട്ടേറെപ്പേരാണ് പിന്തുണ അറിയിച്ചും ആശംസകള്‍ നേര്‍ന്നും പ്രതികരിച്ചത്.

സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്‌റിനും നൂറയും പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനം വീട്ടുകാര്‍ക്ക് നല്‍കുകയും നാട്ടിലെത്തി ഡിഗ്രിപഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി നേടിയെടുക്കുകയും ചെയ്തു.

നൂറയുടെ കുടുംബം ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം നസ്‌റിന് താക്കീത് നല്‍കിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്‌നേഹബന്ധം തുടരുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയില്‍ ഇരുവരും അഭയം തേടിയത്. പിന്നീട് നസ്‌റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് ആദില നസ്‌റിന്‍ നിയമസഹായം തേടുന്നത്.

Summary: Lesbian couple Fatima Noora and Adila Nasreen got married