കുഷ്ഠരോഗം നേരത്തെ കണ്ടുപിടിക്കാം, പ്രതിരോധിക്കാം; ജനുവരി 30 മുതൽ ജില്ലയിൽ അശ്വമേധം 6.0 ക്യാമ്പയിന്‍, 2035 ടീമുകളിലായി 4070 വോളന്റീയർമാർ സഹായത്തിന്‌


Advertisement

കോഴിക്കോട്: കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിൽ നടക്കുന്ന അശ്വമേധം 6.0 ക്യാമ്പയിന്റെ മുന്നോടിയായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു.

Advertisement

ക്യാമ്പയിന്റെ വിജയത്തിന് എല്ലാ വകുപ്പുകളുടെ സഹകരണം അനിവാര്യമാണെന്ന് കളക്ടർ അറിയിച്ചു. കുഷ്ഠരോഗ നിർമാർജനവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ക്യാമ്പയിനെക്കുറിച്ചുള്ള പോസ്റ്റർ പ്രകാശനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ കളക്ടർക്ക് നൽകി നിർവഹിച്ചു.

Advertisement

രണ്ടാഴ്ചത്തെ ക്യാമ്പയിൻ കാലയളവിൽ ജില്ലയിലെ മുഴുവൻ വീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി, കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിർണയത്തിനായി ആശുപത്രിയിൽ പോകുന്നതിനുള്ള ഉപദേശം നൽകുകയും ചെയ്യും. ചിട്ടയായ ഭവന സന്ദർശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികൾക്ക് തുടർചികിത്സയും ഉറപ്പ് വരുത്തും. ഭവന സന്ദർശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 2035 ടീമുകളിലായി 4070 വോളന്റീയർമാരെ പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്.

Advertisement

ആരോഗ്യ പ്രവർത്തകരുടെ സന്ദർശനവേളയിൽ വീട്ടിലുള്ള ആരുടെയെങ്കിലും ദേഹത്ത് കുഷ്ഠരോഗ സമാന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ അഭ്യർത്ഥിച്ചു. നാട്ടിൽ ഇപ്പോഴും കുഷ്ഠരോഗ൦ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നതിനാൽ ജാഗ്രത പുലർത്തണം

ഡെപ്യൂട്ടി ഡി എം ഒ ഡോ. വി ആർ ലതിക ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

കുഷ്ഠരോഗ കേസുകളുടെ നിർമാർജ്ജനത്തിൽ ജില്ലയിൽ പുരോഗതി. 2024-25 വർഷം സംസ്ഥാനത്ത് 235 കുഷ്ഠരോഗ കേസുകൾ റിപ്പോർട്ട്‌ ചെയ്തതിൽ കോഴിക്കോട് ജില്ലയിൽ 25 എണ്ണമാണുള്ളത്. ഇത്‌ 2023-24 വർഷം 55 ഉം 2022-23 ൽ 70 ഉം ആയിരുന്നു.

നിലവിലെ 25 കേസുകൾ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ സംഖ്യയാണ്. പാലക്കാട് ജില്ലയിൽ 50 ഉം കേസുകളും കണ്ണൂർ ജില്ലയിൽ 26 കേസുകളും ഉണ്ട്. ജില്ലയിലെ കേസുകളിൽ 24 എണ്ണവും രോഗാണു സാന്ദ്രത കൂടിയതാണ് (MB-Multibacillary). ഒരു കേസ് രോഗാണു സാന്ദ്രത കുറഞ്ഞ (PB-Paucibacillary) വിഭാഗത്തിൽപ്പെടുന്നു.

കുഷ്ഠം പൂർണമായും ഭേദമാക്കാം

ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പർശനശേഷി കുറഞ്ഞ പാടുകൾ, പാടുകളിൽ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കൽ, കൈകാലുകളിൽ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചർമ്മം, തടിപ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങൾ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറ്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചശേഷം 3 മു തൽ 5 വർഷം വരെയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു മാത്രമേ രോഗം പകരുകയുള്ളൂ.

ചികിത്സ

വിവിധൗഷധ ചികിത്സ(Multi Drug Therapy-MDT) യിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകൾക്ക് 6 മാസത്തെ ചികിത്സയും രോഗാണു സാന്ദ്രത കൂടിയ കേസുകൾക്ക് 12 മാസത്തെ ചികിത്സയും വേണം.