നഗരസഭയിലെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതിഷേധം; പയ്യോളി നഗരസഭയിലേക്ക് ബഹുജനമാര്‍ച്ചുമായി എല്‍.ഡി.എഫ്


പയ്യോളി: പയ്യോളി നഗരസഭയിലെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനും എതിരെ നഗരസഭയിലേക്ക് എല്‍.ഡി.എഫിന്റെ ബഹുജന മാര്‍ച്ച്. രാവിലെ പത്തുമണിക്ക് പയ്യോളി ബസ് സ്റ്റാന്റില്‍ നിന്നാണ് സമരം ആരംഭിച്ചത്.

യു.ഡി.എഫ് നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റിയ അംഗന്‍വാടി ലിസ്റ്റ് റദ്ദ് ചെയ്യുക, നഗരസഭയിലെ മുഴുവന്‍ റോഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുക, ഫ്രണ്ട് ഓഫീസ് സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബഹുജന മാര്‍ച്ച്.

പരിപാടി സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. ആര്‍.ജെ.ഡി മുന്‍സിപ്പല്‍ പ്രസിഡന്റ് പി.ടി.രാഘവന്‍ അധ്യക്ഷനായിരുന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ചന്തുമാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.ചന്തു, ചെറിയാവി സുരേഷ് ബാബു, കെ.കെ.കണ്ണന്‍, എ.വി.ബാലകൃഷ്ണന്‍, ഇരിങ്ങല്‍ അനില്‍കുമാര്‍, പി.വി.മനോജ്, എന്‍.സി.മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.