വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; ശോഭാ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസ് നല്‍കി ഇ.പി.ജയരാജന്‍
കണ്ണൂര്‍: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അപകീര്‍ത്തി കേസുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് പരാതി നല്‍കിയത്.
വ്യജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് പരാതി. ബി.ജെ.പിയിലേക്ക് പോകാന്‍ ജയരാജന്‍, ദല്ലാള്‍ നന്ദകുമാര്‍ മുഖേന ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് നടപടി.
വ്യാജ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവില്‍ക്രിമിനല്‍ നിയമനടപടികള്‍ക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് ഇപി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
എന്നാല്‍ ഇതിന് ശോഭ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഗൂഢാലോചന നടത്തിയതിന് ശോഭ സുരേന്ദ്രന്‍, കെ. സുധാകരന്‍, നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.പി ജയരാജന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ കഴമ്പില്ലെന്ന് പൊലീസ് മറുപടി നല്‍കിയിരുന്നു.