കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍; അഞ്ച് വീടുകള്‍ അപകടാവസ്ഥയില്‍, ആളുകളോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ നിര്‍ദേശം, ഗുരുദേവ കോളേജില്‍ ക്യാമ്പ് തുറന്നു


കൊല്ലം: കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ കാരണം അപകടഭീഷണിയിലായ കുടുംബങ്ങളോട് കൊല്ലം ഗുരുദേവ കോളേജിലേക്ക് മാറാന്‍ നിര്‍ദേശം. പതിനൊന്നോളം കുടുംബങ്ങളോട് മാറാനാണ് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ മണ്ണിടിച്ചലുണ്ടായ ഭാഗങ്ങളില്‍ തഹസില്‍ദാര്‍, നഗരസഭാ സെക്രട്ടറി, ചെയര്‍പേഴ്‌സണ്‍ എന്നിവരുള്‍പ്പെട്ട സംഘം സന്ദര്‍ശിച്ചിരുന്നു. കുന്നിനുമുകളിലുള്ള വീടുകള്‍ അപകടാവസ്ഥയിലാണെന്ന് കണ്ടാണ് ഇവടെയുള്ളവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടത്. ഗുരുദേവ കോളേജില്‍ ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍പേരെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

മണ്ണിടിച്ചില്‍ തടയാന്‍ ബലപ്പെടുത്തല്‍ പ്രവൃത്തി നടന്ന മേഖലയ്ക്ക് സമീപമായാണ് ഇന്ന് രാവിലെ വലിയ തോതില്‍ മണ്ണിടിഞ്ഞത്. ഇതിന് എതിര്‍ഭാഗത്തായി എസ്.എന്‍.ഡി.പി കോളേജിന്റെ സൈഡിലും രാവിലെ മണ്ണിടിച്ചലുണ്ടായി. ഈ ഭാഗത്തെ വീടുകളില്‍ നിലവില്‍ ആളുകള്‍ താമസിക്കുന്നില്ല.