കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍; വിഷയത്തില്‍ ഇടപെട്ട് കാനത്തില്‍ ജമീല എം.എല്‍.എ, മണ്ണിടിഞ്ഞ ഭാഗത്ത് മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനം


കൊല്ലം: കൊല്ലം കുന്ന്യോറമലയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങളില്‍ മണ്ണിടിച്ച് അപകടാവസ്ഥയിലായ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ട് കാനത്തില്‍ ജമീല എം.എല്‍.എ. മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ കൂടുതല്‍ മണ്ണിടിച്ചില്‍ തടയാനായി മതില്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാനത്തില്‍ ജമീല അറിയിച്ചു.

കുന്നിടിയുന്ന പ്രദേശത്ത് വിദഗ്ധ സംഘം പരിശോധിച്ച് ഇവിടെ ഏത് രീതിയിലുള്ള മതിലാണ് ഫലപ്രദമാകുകയെന്ന് തീരുമാനിക്കും. ഏഴുദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കുകയും അതിന് പിന്നാലെ തന്നെ സൈഡ് മതിലിന്റെ പണി തുടങ്ങുമെന്നും എം.എല്‍.എ അറിയിച്ചു.

പ്രദേശത്തെ വീടുകളിലേക്ക് വഴിയില്ലാത്തതാണ് മറ്റൊരു പ്രശ്‌നമായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയത്. ഇതിനായി ബൈപ്പാസില്‍ നിന്നും സ്റ്റീല്‍ബ്രിഡ്ജ് നിര്‍മ്മിക്കുന്നത് അടക്കം പരിഗണനയിലുണ്ട്. അല്ലെങ്കില്‍ മറ്റേതെങ്കിലും വഴിയില്‍ റോഡ് നിര്‍മ്മിക്കാനാകുമോയെന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.

അതേസമയം, നിലവില്‍ അപകടാവസ്ഥയിലായ വീടുകളും സ്ഥലവും ദേശീയപാതയ്ക്കായി ഏറ്റെടുത്ത് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മഴ കനത്തതോടെ കഴിഞ്ഞദിവസങ്ങളില്‍ ഈ പ്രദേശത്ത് വലിയ തോതില്‍ മണ്ണിടിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. 12 വീടുകളാണ് നിലവില്‍ അപകട ഭീഷണി നേരിടുന്നത്.