കൊല്ലം കുന്ന്യോറ മലയില്‍ ബൈപ്പാസ് പണി നടക്കുന്നിടത്ത് മണ്ണിടിച്ചില്‍; പരിഭ്രാന്തിയില്‍ നാട്ടുകാര്‍


കൊയിലാണ്ടി: കൊല്ലം -കുന്ന്യോറ മലയില്‍ വീണ്ടും മണ്ണിടിഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.  ബൈപ്പാസ് പണി നടക്കുന്നിടത്ത്  വലിയ ശബ്ദത്തോടെ വെള്ളവും മണ്ണും ഒലിച്ചിറങ്ങുകയായിരുന്നു. പുതിയ ബൈപ്പാസ് റോഡിലേക്ക് കല്ലും മരങ്ങളും ഉള്‍പ്പെടെ ഇടിഞ്ഞുവീഴുകയായിരുന്നു.

മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയാനുള്ള ബലപ്പെടുത്തുന്ന സോയില്‍ നേയിലിംങ് പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ഭാഗത്താണ് ഇന്ന് വലിയ തോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍കനത്ത മഴയായിരുന്നു പെയ്തിരുന്നത്. രണ്ട് ദിവസങ്ങളിലായി ഇവിടെ ചെറിയതോതിലുള്ള മണ്ണിടിച്ചിലും ഉണ്ടായിരുന്നു. വീണ്ടും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലും ഭീതിയിലുമാണ്.


Also Read: ” ദേശീയപാതയില്‍ കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍ നാളെ ഇതിലും ഭീകരമായി കൊല്ലത്തും സംഭവിക്കാം, ബലപ്പെടുത്തല്‍ പ്രവൃത്തി ഫലംകാണില്ലെന്ന് വ്യക്തമായി” കുന്ന്യോറമല നിവാസികള്‍ ആശങ്കയില്‍



മണ്ണിടിച്ചില്‍ തടയാന്‍വേണ്ടി സോയില്‍പൈപ്പിങ് നടത്തിയ സ്ഥലത്തേക്കാള്‍ ഉയരമുള്ള ഭാഗത്തുനിന്നാണ് ഇപ്പോള്‍ മണ്ണിടിഞ്ഞിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിയുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. അടുത്തിടെ വടകര കണ്ണൂക്കരയില്‍ കുന്ന്യോറമലയിലേതിന് സമാനമായി ബലപ്പെടുത്തല്‍ പ്രവൃത്തി നടത്തിയ ഭാഗത്ത് വലിയ തോതില്‍ മണ്ണിടിഞ്ഞിരുന്നു. ഇവിടെയും സമാനമായ രീതിയില്‍ മണ്ണിടിച്ചലുണ്ടായാല്‍ ഇരുമ്പുകമ്പി കയറ്റി 11മീറ്ററോളം ഉള്ളിലേക്ക് മാറിയുള്ള ഭാഗംവരെ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.