കുന്ന്യോറമല അടക്കമുള്ള പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി


കൊയിലാണ്ടി: ദേശീയപാത 66 ല്‍ നിര്‍മ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂര്‍ മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും സത്വര നടപടികള്‍ കൈക്കൊള്ളുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

മണ്ണിടിച്ചില്‍ മൂലം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തില്‍ ആണെന്നും അങ്കോള മാതൃകയിലുള്ള അപകടങ്ങള്‍ സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഷാഫി പറമ്പില്‍ എം പി മന്ത്രിയെ നേരിട്ട് കാണുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മണ്ണിടിഞ്ഞുവീണ സ്ഥലങ്ങളിലെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും മന്ത്രിയെ നേരിട്ട് കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ ഹൈവേ അതോറിറ്റിക്ക് നോട്ടീസ് നല്‍കിയത്.

സോയില്‍ നൈലിംഗ് കേരളത്തിലെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത ടെക്‌നോളജിയാണ്. അതിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി എത്രയും പെട്ടെന്ന് തന്നെ റോഡിന്റെ ഇരുവശവും സുരക്ഷിതമാക്കണമെന്ന് എം പി മന്ത്രിയോട് ആവശ്യപ്പെട്ടു. ഷിരൂരില്‍ അര്‍ജുന് ഉണ്ടായ ദുരന്തം ഇനി എവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുവാന്‍ എം പി മന്ത്രിയോട് അഭ്യര്‍ഥിച്ചു.

ഈ മണ്ണിടിച്ചല്‍ ഉണ്ടായ സ്ഥലങ്ങളുടെ മുകളില്‍ താമസിക്കുന്ന ആളുകളുടെ വീട്ടില്‍ വിള്ളല്‍ വീണതും ജലസ്രോതസ്സുകള്‍ തടസ്സപ്പെട്ടതും ഭൂമി വിണ്ടു കീറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രങ്ങള്‍ സഹിതം എം പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഈ പശ്ചാത്തലത്തില്‍ പ്രസ്തുത സ്ഥലത്ത് താമസിക്കുന്നവരുടെ സുരക്ഷയെ ഓര്‍ത്ത് ഈ സ്ഥലങ്ങള്‍ കൂടെ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതാണെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി. മണ്ണിടിച്ചില്‍ എന്ത് കൊണ്ട് ഉണ്ടായി എന്നതില്‍ വ്യക്തത വരുത്താനും വെള്ളക്കെട്ടിന്റെ ഗുരുതര പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഗതാഗത കുരുക്ക് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ദേശീയ ഹൈവേ അതോറിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ക്കണമെന്ന് മന്ത്രിയോട് ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടിരുന്നു.