ഉരുൾപൊട്ടൽ സാധ്യത; ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി, കുറ്റ്യാടി മധുകുന്ന് മലയിലും വിദഗ്ധ സംഘമെത്തി
കുറ്റ്യാടി: വയനാട് ഉരുൾപൊട്ടൽ നടന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ ജിയോളജി വകുപ്പിന്റെ പരിശോധനകൾ കർശനമാക്കി. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടോ എന്നത് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന തിനും, മുൻകരുതൽ എടുക്കുന്നതിന്റേയും ഭാഗമായിട്ടാണ് ജിയോളജി വകുപ്പ് പരിശോധനകൾ കർശനമാക്കുന്നത്.
ഇതിന്റെ ഭാഗമായി പുറമേരി, കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിലായി പത്ത് ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മധുകുന്ന് മലയിലും വിദഗ്ധ സംഘം പരിശോധന നടത്തി. കുന്നിന്റെ താഴെ അനേകം വീടുകൾ ഉൾക്കൊള്ളുന്ന ജനവാസകേന്ദ്രങ്ങളാണുള്ളത്. വയനാട് ഉരുൾപൊട്ടിയ സാഹചര്യത്തിൽ മധുകുന്ന് മലയ്ക്ക് സമീപമുള്ളവർ ഭീതിയിലാണ്.
പരിശോധനാ സംഘം പ്രദേശവാസികളുമായി ചർച്ച നടത്തി. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ചെങ്കൽ ക്വാറികളും, കരിങ്കൽ ക്വാറികളും, പ്രവർത്തിച്ചു വരുന്നിടങ്ങളും, മുൻപ് ഘനനം നടന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ജിയോളജി വകുപ്പ് പരിശോധനകൾ നടത്തുന്നത് .