കൊയിലാണ്ടിയിൽ വ്യാപാരിക്ക് നേരെ നായ്ക്കുരണ പൊടി വിതറിയ സംഭവം പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന വ്യാപാരിക്കു നേരെ നായ്ക്കുരണ പൊടി വിതറി സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പൂജാ സ്റ്റോര്‍ ഉടമയായ കെ.പി.ശ്രീധരനെതിരായ ആക്രമണവും നായ്ക്കുരണ പ്രയോഗവും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും തുറക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കണമെന്ന കോടതി വിധികള്‍ ഉണ്ടായിട്ടും വ്യാപാര സ്ഥാപനങ്ങള്‍ക്ക് പോലിസ് സംരക്ഷണം ലഭിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും സമിതി പറഞ്ഞു.

കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ അഹ്വാനം ചെയ്ത പൊതു പണിമുടക്കില്‍ പങ്കെടുക്കാത്ത കെ.പി.ശ്രീധരന്‍ കട തുറന്നിരുന്നു. ഇതിനെ തുടര്‍ന്ന് രാവിലെ സമരാനുകൂലികള്‍ എത്തി കട അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കട അടയ്ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അഞ്ചോളം പേര്‍ എത്തി മുഖത്ത് നായ്ക്കുരണ പൊടി കൊണ്ടടിച്ചത്. ദേഹമാസകലം ചൊറിഞ്ഞതിനെ തുടര്‍ന്ന് ശ്രീധരന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കെ .എം രാജീവന്‍, ടി പി ഇസ്മായില്‍, ശറഫുദ്ധീന്‍ കെ .ചന്ദ്രന്‍, അബ്ദുള്ള എം, ശശീന്ദ്രന്‍, റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ്സ, ഗിരീഷ്, സജേഷ്, ജിതേഷ്, ഷൌക്കത്ത് .എന്നിവരാണ് സംയുക്ത പ്രസ്ഥാവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.