വേളം പെരുവയലില്‍ വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍


വേളം: പെരുവയലില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കണിശന്റെ മീത്തല്‍ ദിനേശന്‍ എന്നയാളുടെ വീട്ടില്‍ ആണ് പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ കുറേക്കാലമായി ദിനേശന്‍ മാത്രമാണ് താമസിച്ചിരുന്നത്.

ഒരുമാസമായി ഇയാളെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തതിനെ തുടര്‍ന്ന് സഹോദരി പെരുവയലിലുള്ള ബന്ധുക്കളെ വിളിച്ച് സഹോദരനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാത്രി 9മണിയോടെ വീട്ടില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ മരിച്ചത് ദിനേശന്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുറ്റ്യാടി പോലീസ്‌ സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി വിദഗ്ദ സംഘം എത്തിയിട്ടുണ്ട്.