പൂത്തുലഞ്ഞ് മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി; മട്ടുപ്പാവിൽ പൂ കൃഷിയുമായി കുറുവങ്ങാട് സ്വദേശിനി റീന
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനി റീനയുടെ വീട്ടിലെത്തുന്നവരെ വരവേല്‍ക്കുന്നത് പൂത്തുലഞ്ഞു കാറ്റിലാടി നിൽക്കുന്ന ചെണ്ടുമല്ലിയും വാടാർമല്ലിയുമൊക്കെയാണ്. കുന്നപ്പാണ്ടി താഴകുനി റീനയാണ് വീടിന്റെ മട്ടുപാവില്‍ ചെറു പൂന്തോട്ടമായിരിക്കുന്നത്. മഞ്ഞ, ഓറഞ്ച് നിറത്തിലുളള ചെണ്ടുമല്ലിയും വയലറ്റ് നിറത്തിലുള്ള വാടാര്‍മല്ലിയുമാണ് ഇപ്പോള്‍ പൂത്തലഞ്ഞത്. ഗ്രോബാഗുകളിലും അല്ലാതെയുമാണ് റീനയുടെ കൃഷി. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് കൃഷിയിലേക്ക് മാറിയതെന്നും ജെെവ കൃഷിയാണ് പിന്തുടരുന്നതെന്നും റീന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പൂ കൃഷിക്ക് പുറമേ പച്ചക്കറി കൃഷിയുമുണ്ട് റീനയ്ക്ക്.
വീടിന്റെ മട്ടുപ്പാവിൽ പഴയ ഓട് അടുക്കിവെച്ച് അതിന് മുകളിൽ ചകിരിച്ചോറ് ഇട്ട് അതിലാണ് തെെകൽ വെച്ചുവിടിപ്പിച്ചിരിക്കുന്നത്. ഗ്രോ ബാഗുകളിലും പൂ കൃഷിയുണ്ട്. ചെടികൾ വാങ്ങാനെത്തുന്നവർക്ക് വേണ്ടിയാണ് ഗ്രോ ബാഗിൽ തെെകൾ നട്ടപിടിപ്പിച്ചതെന്ന് റീന പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് പൂകൃഷി ആരംഭിക്കുന്നത്. പൂർണ്ണമായും ജെെവ കൃഷി രീതിയായിരുന്നു പിന്തുടർന്നത്, എന്നാൽ പൂവിടാൻ കാലതാമസം വരുമെന്ന് മനസിലായപ്പോൾ പൂ കൃഷിയിൽ അൽപ്പം രാസവളം ചേർത്തതൊഴിച്ചാൽ മറ്റ് കൃഷികളിലെല്ലാം പൂർണ്ണമായും ജെെവവളമാണ് ഉപയോഗിക്കുന്നതെന്ന് റീന പറയുന്നു. പൂക്കൾ തേടി സമീപത്തുള്ളവരും സുഹൃത്തുക്കളും എത്താറുണ്ടെന്നും കൃഷിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും റീന പറഞ്ഞു. ഓണം സീസൺ കഴിഞ്ഞാൽ കടകളിലേക്ക് പൂക്കൾ നൽകാനാണ് തീരുമാനം.
നേരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. ഇപ്പോൾ വീട്ടിലും സമീപത്തെ റോഡിന് സെെഡിൽ ഗ്രോ ബാഗുകളിലാക്കിയുമാണ് കൃഷി. മൈഗ്രീന്‍ നഴ്‌സറി എന്ന പേരില്‍ നഴ്‌സറിയും റീന നടത്തുന്നുണ്ട്. വെണ്ട, പലതരം പച്ച മുളകുകള്‍, കൂര്‍ക്കില്‍, പലതരം പഴച്ചെടികള്‍ എന്നിവയെല്ലാം മട്ടുപാവില്‍ കൃഷി ചെയ്യുന്നുണ്ട്. പൂർണ്ണമായും ജെെവ വളം ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറിക്ക് ആവശ്യക്കാരുണ്ട്. എന്നാൽ സ്ഥലപരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടും കൃഷിക്ക് പ്രതിസന്ധി തീർക്കുന്നുണ്ടെന്ന് റീന പറയുന്നു.
ഭർത്താവ് മരണപ്പെട്ടതോടെ കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് റീനയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. മക്കളായ ഹരികൃഷ്ണനും, അര്‍ജുനും വിദ്യാർത്ഥികളാണ്.
Summary: Kuruvangad native Reena grows flowers in her terrace