27 വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിയോട് പരാതി പറയാനെത്തിയ ഉമ്മ കുടുംബശ്രീയുടെ പിറവിക്ക് വഴിവെച്ചപ്പോള്‍; സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകെ മാതൃകയായ ആ സംവിധാനത്തിന്റെ ചരിത്രത്തിലൂടെ
കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍, സ്ത്രീകളുടെ മുന്നേറ്റത്തില്‍ തിളക്കമാര്‍ന്ന അധ്യായമെന്ന് വിശേഷിപ്പിക്കാവുന്ന കുടുംബശ്രീ പ്രസ്ഥാനം 27ാം വയസില്‍. ദാരിദ്ര നിര്‍മ്മാര്‍ജ്ജനം എന്ന വിശാല കാഴ്ചപ്പാടില്‍ തുടങ്ങി സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകെ മാതൃകയാകും വിധം നിര്‍ണ്ണായക ചുവടുമായാണ് കുടുംബശ്രീയുടെ കുതിപ്പ്.
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച, അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന വിജയകുമാര്‍ പൂജപ്പുര പറയുന്നത് 25 വര്‍ഷം മുമ്പ് മന്ത്രിയുടെ ഓഫീസില്‍ പരാതി പറയാനെത്തിയ അജ്ഞാതയായ ഉമ്മയില്‍ നിന്നാണ് കുടുംബശ്രീയുടെ തുടക്കമെന്നാണ്. അര്‍ഹയായിട്ടും തനിക്ക് വീടുനിര്‍മ്മിക്കാനുള്ള സഹായം കിട്ടുന്നില്ലെന്നും അനര്‍ഹനായ അയല്‍ക്കാരന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്നുമായിരുന്നു ആ സ്ത്രീയുടെ പരാതി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടന്നു. പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തി.
നഗരപ്രദേശങ്ങളിലെ ദാരിദ്രനിര്‍മാര്‍ജനത്തിനായി ഉണ്ടായിരുന്ന അര്‍ബന്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി പാടേ മാറ്റിപ്പണിയണമെന്ന റിപ്പോര്‍ട്ടിലാണ് ഈ അന്വേഷണം എത്തിച്ചേര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് ഗ്രാമ നഗര വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് മാത്രമായൊരു പദ്ധതി വേണമെന്ന ആശയം മന്ത്രി മുന്നോട്ടുവെച്ചത്. അങ്ങനെയാണ് കുടുംബശ്രീയെന്ന പദ്ധതിയുടെ തുടക്കം. മലപ്പുറത്ത് വെച്ച് 1998 മെയ് 17ന് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയ് ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചതോടെ കുടുംബശ്രീ പ്രസ്ഥാനത്തിലേക്ക് കേരളത്തിലെ സ്ത്രീകള്‍ കടന്നുവന്നു.
ദാരിദ്രനിര്‍മ്മാര്‍ജ്ജനം എന്നതായിരുന്നു കുടുംബശ്രീയുടെ ലക്ഷ്യമെങ്കിലും സ്ത്രീകള്‍ക്കു മുമ്പില്‍ അത് വിശാലമായ സാധ്യതകള്‍ തുറന്നിട്ടു നല്‍കി. അയല്‍ക്കൂട്ടങ്ങളുണ്ടാക്കി പ്രതിസന്ധികളോട് പൊരുതി. മൈക്രോ ഫൈനാന്‍സ് വായ്പകള്‍ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുണ്ടാക്കി. വിദ്യാഭ്യാസവും തൊഴിലും കുടിവെള്ളവും ഗതാഗത സൗകര്യവുമെല്ലാം പിന്നാലെ പരിഗണനകളിലേക്കെത്തി. ഏറ്റവുമൊടുവില്‍ സ്വയംതൊഴിലിന്റെയും സ്വയംപര്യാപ്തതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും എല്ലാം ഒറ്റപേരായി കുടുംബശ്രീ മാറുകയാണ്.
അച്ചാറുകളിലും കറി പൗഡറുകളിലും തുടങ്ങി വച്ച തൊഴില്‍ സാധ്യതകള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കാന്റീന്‍, കാറ്ററിംഗ് മേഖലകളിലേക്കും കഫേ കുടുംബശ്രീ എന്ന ബ്രാന്റിലേക്കും എല്ലാം വളര്‍ന്നത്. കാലഘട്ടത്തിന് അനുസരിച്ച് വിജയസാധ്യതയുള്ള പുതുപുത്തന്‍ മേഖലകളിലേക്ക് കുടുംബശ്രീ പെണ്ണുങ്ങളുടെ കൈപിടിച്ചു. കെട്ടിട നിര്‍മ്മാണം മുതല്‍ മാരേജ് ബ്യൂറോയും ഡ്രൈവിംഗ് സ്‌കൂളും ജനകീയ ഹോട്ടലും വരെ എന്തും പെണ്‍കരുത്തിന് വഴങ്ങി.
സോപ്പ് നിര്‍മ്മാണം മുതല്‍ സോഫ്ട്വെയര്‍ നിര്‍മ്മാണം വരെ കുടംബശ്രീ കടന്നു ചെല്ലാത്ത മേഖലകളില്ലെന്നായി. സര്‍ക്കാര്‍ മിഷനുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കുടുംബശ്രീ ഇല്ലാതെ പറ്റില്ലെന്ന നിലയും വന്നു. ഏറ്റവും ഒടുവില്‍ കേരളത്തിലെ തൊഴിലില്ലായ്മ തുടച്ച് നീക്കാനുള്ള വിശാല ലക്ഷ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കുടുംബശ്രീ.
തുടക്കത്തില്‍ പല കുടുംബങ്ങളും പകച്ചുനിന്നെങ്കിലും പതിയെ പതിയെ കൂടുതല്‍ കൂടുതല്‍ പേര്‍ മുന്നോട്ടേക്ക് വരാന്‍ തുടങ്ങി. അവര്‍ പൊതുമണ്ഡലത്തില്‍ ഇറങ്ങി. തങ്ങളുടെ ആവശ്യങ്ങള്‍ തുറന്നുപറയാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാനും അത് ഭംഗിയായി നടപ്പാക്കാനുമെല്ലാം ലക്ഷക്കണക്കിന് സ്ത്രീകള്‍ കരുത്തോടെ മുന്നോട്ടുവരുന്നതാണ് പിന്നീട് കണ്ടത്. ഇക്കാലത്തിനിടെ അരക്കോടിയോളം പേരാണ് കുടുംബശ്രീയുടെ ഭാഗമായുള്ളത്. ക്രമാനുഗതമായി കെട്ടിപ്പൊക്കിയ വളര്‍ച്ചയുടെ ഗ്രാഫില്‍ ഒരിടത്തു പോലും കുടുംബശ്രീയ്ക്ക് പിന്നോട്ട് പോക്കുണ്ടായിട്ടില്ല.
ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനമെന്ന് വേണമെങ്കില്‍ കുടുംബശ്രീയെ വിശേഷിപ്പിക്കാം. സ്ത്രീമുന്നേറ്റ ചരിത്രത്തിന് കടുംബശ്രീയോളം വലിയ മറ്റൊരു ബദല്‍ മുന്നോട്ട് വയക്കാന്‍ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടുമില്ല.