ഒമ്പത് മക്കളുടെ കുടുംബങ്ങളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം ആളുകള്‍, പാട്ടും മത്സരവും ആഘോഷവും; അകലാപ്പുഴ തീരത്ത് പുറക്കാട് മലയില്‍ കുഞ്ഞമ്മദ്- ഹലീമ ദമ്പതികളുടെ കുടുംബസംഗമം


തിക്കോടി: പരിചിതരായ ചിലര്‍, ഏറെക്കാലമായി കാണാത്ത ചിലര്‍, ആദ്യമായി കാണുന്നവര്‍ അങ്ങനെ പരസ്പരം പരിചയപ്പെട്ടും പരിചയം പുതുക്കിയും സ്‌നേഹം പങ്കിട്ടും അകലാപ്പുഴയുടെ തീരത്ത് ചിലവഴിച്ച നിമിഷങ്ങള്‍. പ്രശസ്തമായ പുറക്കാട് മലയില്‍ കുഞ്ഞമ്മദ് ഹലീമ ദമ്പതികളുടെ കുടുംബസംഗമം നിരവധി കുടുംബങ്ങളുടെ ഒത്തുചേരലായി.

ഒമ്പത് മക്കളുടെ കുടുംബങ്ങളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു. കുഞ്ഞുകുട്ടികള്‍ മുതല്‍ കുടുംബത്തിലെ പ്രായമായവര്‍ വരെ അണിനിരന്ന പരിപാടിയ്ക്ക് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ മാറ്റുകൂട്ടി.

അകലാപ്പുഴ തീരത്ത് ലേക് വ്യൂ പാലസില്‍ വെച്ച് നടന്നു. സി. കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ച സംഗമം തോട്ടത്തില്‍ ജുമുഅത് പള്ളി കമ്മിറ്റി സെക്രട്ടറി സി ഹനീഫ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. സക്കറിയ ഹാഫിള് ഖിറാഅത് നടത്തി. ഷര്‍ഷാദ് പുറക്കാട് ക്ലാസ്സ് നടത്തി.

കുടുംബത്തിലെ മുതിര്‍ന്നവരെ സംഗമത്തില്‍ ആദരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും നടന്നു. പുറക്കാട് ഖാസി ഇ.കെ.അബൂബക്കര്‍ ഹാജിയുടെ സന്ദേശം സംഗമത്തില്‍ കേള്‍പ്പിച്ചു. സി.മൊയ്ദീന്‍, മലയില്‍ അസ്സു, അബ്ദുള്ള കുട്ടി കെ.എം, അബ്ദുള്ള കുഴിപ്പരപ്പില്‍, സക്കറിയ കോവുമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുസ്തഫ അമാന, സഈദ് മലയില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ കുഞ്ഞബ്ദുള്ള നാഗത്താന്‍കാവില്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഇസ്ഹാക്ക് കോവുമ്മല്‍ സ്വാഗതവും സ്വാലിഹ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.