മലബാർ ക്രിസ്ത്യൻ കോളേജിൽ കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചതായി പരാതി; പ്രതിഷേധത്തിന് ആഹ്വാനവുമായി ജില്ലാ സെക്രട്ടേറിയറ്റ്


കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജിൽ കെ.എസ്.യു പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചതായി പരാതി. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡൻ്റ് സഞ്ജയ് ഉൾപ്പടെയുള്ള നാല് പ്രവർത്തകരെ മാരകായുധങ്ങളുമായി റൂമിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഇരുപതോളം വരുന്ന ക്രിമിനലുകളുമായി എത്തിയ കെ.എസ്.യു ജില്ലാ ഭാരവാഹികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

പ്രവർത്തകരുടെ തലയ്ക്ക് ഉന്നം വെച്ച് നടത്തിയ അക്രമത്തിൽ വിദ്യാർത്ഥികളുടെ പല്ലുകൾ പൊട്ടുകയും, മൂക്കിന്റെ പാലം തകരുകയും ചെയ്തു. ഒരു വിദ്യാർഥിയുടെ വാരിയെല്ലിന് പൊട്ടലുണ്ട്. ഇവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

വിദ്യാർത്ഥികളിൽ നിന്നും അകറ്റപ്പെട്ട കെ.എസ്.യു ബോധപൂർവ്വം അക്രമം സൃഷ്ടിച്ച് സാന്നിധ്യമറിയിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് പറഞ്ഞു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ ധീരജിന്റെ കൊലപാതകത്തിലും ചോരക്കൊതി മാറാത്ത കെ.എസ്.യു ക്രിമിനലുകൾ വ്യാപകമായി സംഘർഷം ഉണ്ടാക്കാൻ പരിശ്രമിക്കുകയാണ്. അക്രമികളെ വാരിപ്പുണരുന്ന കെ.പി.സി.സി പ്രസിഡന്റ്‌ ഉൾപ്പടെയുള്ളവരുടെ ഒത്താശയോടെയാണ് ഈ അക്രമങ്ങൾ നടക്കുന്നത്. കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ പരമ്പരകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തണമെന്ന് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.