കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് ബസ് പിറകോട്ട് നീങ്ങി ലോ ഫ്‌ളോര്‍ ബസില്‍ ഇടിച്ചു; ചില്ലുകള്‍ തകര്‍ന്നു
കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് ബസ് പിറകോട്ട് നീങ്ങി ലോ ഫ്‌ളോര്‍ ബസില്‍ ഇടിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ലോ ഫ്‌ളോര്‍ ബസ്സിന്റെ വലതുവശത്തെ ചില്ലുകള്‍ തകര്‍ന്നു.
ബെംഗളൂരുവിലേക്ക് പോകാനായി ആറാം നമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു സ്വിഫ്റ്റ് ബസ്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടസമയത്ത് കണ്ടക്ടര്‍ ബസിലുണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ പുറത്തായിരുന്നു.
സ്വിഫ്റ്റ് ബസ് ഹാന്റ് ബ്രേക്ക് ഇട്ട് പത്ത് മിനുറ്റോളം ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന് ശേഷമാണ് ബസ് പിന്നോട്ട് ഉരുണ്ടു നീങ്ങിയത്. തിരുവനന്തപുരത്തു നിന്നു കോഴിക്കോട് എത്തിയ വോള്‍വോ എ.സി ലോ ഫ്‌ളോര്‍ ബസ് യാത്രക്കാരെ ഇറക്കിയ ശേഷം വര്‍ക് ഷോപ്പിന്റെ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്.
ഹാന്റ് ബ്രേക്ക് തെന്നിമാറിയതാണ് അപകടത്തിനു കാരണമെന്നു ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് സ്വിഫ്റ്റ് ബസ് ടെര്‍മിനലിനു പുറത്തേക്കുള്ള വഴിയിലെ ഇറക്കത്തില്‍ കൊണ്ടുവന്ന് ഹാന്‍ഡ് ബ്രേക്ക് പരിശോധന നടത്തി. കുഴപ്പമില്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്ര തിരിച്ചു.