തിക്കോടിയിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്


തിക്കോടി: ദേശീയ പാതയിൽ തിക്കോടിയിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം.

തിക്കോടി ടൗണിന് വടക്ക് ഭാഗത്താണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ സ്ഥലത്തുണ്ടായിരുന്നവർ സ്കൂട്ടർ യാത്രികനെ കൊയിലാണ്ടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എതിർദിശയിൽ നിന്നും വരികയായിരുന്ന സ്കൂട്ടറിനെ ഇടിച്ചത്.

കാറിനെ മറികടന്നു വന്ന ബസ്സിനെ വെട്ടിക്കാൻ സ്കൂട്ടർ റോഡിന് താഴേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ബസ്സിനടിയിലേക്ക് ചെരിഞ്ഞുവീഴുകയായിരുന്നു. എന്നാൽ ബസ്സ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടത്തിൽ നിന്ന് ഒഴിവായെന്നു ബസ് ജീവനക്കാർ പറഞ്ഞു.