ഒന്നുകിൽ മാപ്പ്, അല്ലെങ്കിൽ ഒരുകോടി; യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി


തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ.എസ്.ഇ.ബി. എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസ്. വീഡിയോ പിന്‍വലിച്ച്‌ അതേ മാധ്യമത്തിലൂടെ
മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ജൂലൈ 12നാണ്‌ ‘കെ.എസ്.ഇ.ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’ തലക്കെട്ടോടെ ചാനല്‍ വീഡിയോ പബ്ലിഷ് ചെയ്തത്. ഈ വീഡിയോ അവാസ്തവും വസ്തുതാവിരുദ്ധവുമാണെന്ന് കെ.എസ്.ഇ.ബി പറയുന്നത്. തുടര്‍ന്നാണ് വീഡിയോ പിന്‍വലിച്ച് മാപ്പ് പറയുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് യുട്യൂബ് ചാനലിന് വക്കീല്‍ നോട്ടീസ് അയച്ചത്.

ചാനല്‍ നടത്തിപ്പുകാരായ വടയാര്‍ സുനില്‍, ജി സിനുജി എന്നിവര്‍ക്കെതിരെയാണ് കെ.എസ്.ഇ.ബിയുടെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്. ബോര്‍ഡ് നല്‍കുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ പ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും നിയമപരമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ്.

Summary: KSEB takes legal action against YouTube channel