”രാത്രി ട്രാന്‍സ്‌ഫോര്‍മര്‍ സ്വിച്ച് താഴ്ത്തി ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കി”; സാമൂഹ്യവിരുദ്ധനെതിരെ നടപടിയാവശ്യപ്പെട്ട് പരാതിയുമായി കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷനിലെ വള്ളില്‍ കടവ് ഭാഗത്തെ ട്രാന്‍സ്‌ഫോമറിന്റെ പ്രധാന സ്വിച്ച് ഓഫ് ചെയ്ത സാമൂഹ്യവിരുദ്ധനെതിരെ നടപടിയാവശ്യപ്പെട്ട് പരാതിയുമായി കെ.എസ്.ഇ.ബി. നവംബര്‍ 23ന് രാത്രി 11.20 ഓടെ സംഭവം. പ്രതിയെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി പൊലീസിനെ സമീപിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി.

കെ.എസ്.ഇ.ബിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും മണിക്കൂറുകളോളം ഇരുട്ടിലാക്കുകയും ചെയ്തവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും നിയമ നടപടി സ്വീകരിക്കണമെന്നാണ് അസിസ്റ്റന്റ് എഞ്ചിനിയര്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.

വള്ളില്‍ക്കടവ് ഭാഗത്ത് കറണ്ടില്ലയെന്ന പരാതി വന്നതിന്റെ അടിസ്ഥാനത്തില്‍ ഓവര്‍സിയറും ലൈന്‍മാനും സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് ട്രാന്‍സ്‌ഫോമറിന്റെ പ്രധാന സ്വിച്ച് താഴ്ത്തിയിട്ടതായി കണ്ടത്. ട്രാന്‍സ്‌ഫോര്‍മറില്‍ പൂര്‍ണ്ണമായും സപ്ലൈ ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. അന്വേഷിച്ചപ്പോള്‍ രണ്ടുപേര്‍ ട്രാന്‍സ്‌ഫോര്‍മറിന് അടുത്ത് വരികയും തുടര്‍ന്ന് എന്തോ ഒരു ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

തുടര്‍ന്ന് ഈ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പോകുന്ന മുഴുവന്‍ ലൈനുകളും പരിശോധിക്കുകയും യാതൊരുവിധ അപകടവും നടന്നിട്ടില്ല എന്ന് മനസ്സിലാക്കി പുലര്‍ച്ചെ 12.30 ഓടെ ട്രാന്‍സ്‌ഫോര്‍മാര്‍ ചാര്‍ജ് ചെയ്യുകയും ചെയ്തു. വള്ളില്‍ക്കടവയില്‍ നിന്നും ബൈപ്പാസ് അണ്ടര്‍പാസ് കടന്നു പോകുന്ന ഭാഗത്ത് പോസ്റ്റിനു മുകളില്‍ സ്ഥാപിച്ച ഒരു 100എ ഫ്യൂസ് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഒരു ഓപ്പണ്‍ ഫ്യൂസ് കൊടുത്ത് ലൈന്‍ ചാര്‍ജ് ചെയ്തു ട്രാന്‍സ്ഫര്‍ പരിധിയിലെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും വൈദ്യുതി പുനസ്ഥാപിച്ചു നല്‍കുകയായിരുന്നു.