‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും.. ഊന്നുകോലും ജരാനര ദുഃഖവും’; കെ.എസ്.ബിമലിനെക്കുറിച്ച് അനൂപ് അനന്തൻ എഴുതുന്നു


അനൂപ് അനന്തൻ

‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനര ദുഃഖവും’

കൂട്ടുകാർക്ക് കൂടപിറപ്പ്, കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ, സാഹിത്യാസ്വാദകർക്ക് സാഹിത്യകാരൻ, നാടകാസ്വാദകർക്ക് നാടകക്കാരൻ, തൊട്ടറിഞ്ഞവർക്കെല്ലാം സഖാവ്… കുടുംബത്തിന് എല്ലാമെല്ലാം… ഇങ്ങനെയൊരാളിനെ കെ.എസ്.ബിമൽ എന്ന് വിളിക്കാം. ബിമലിനെ കുറിച്ച് എഴുതുമ്പോൾ, ബിമൽ നമ്മെ വിട്ടു പിരിയുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപുള്ള പോണ്ടിച്ചേരിയിൽ നിന്നുളള പി.സി.രാജേഷിന്റെ ഫോൺ വിളിയാണ് ഓർമ്മ. ഇനി അസാധ്യമാണെന്ന്… വാക്കുകൾ മുറിഞ്ഞു വീണ നിമിഷത്തിൽ തൊട്ടരികെ ഫെയ്ത്ത് ബുക്സ് വിജയേട്ടനുണ്ട്. ഇനി ചെയ്യാനുള്ളത്… ശ്രീജിത്ത്.പി.ടിയും വിജയേട്ടനു മൊപ്പമിരുന്ന് ആ രാവ് വെളുപ്പിച്ചത് ഇന്നലെയെന്നോണം നിറയുന്നു.

സഖാവ് ബിമലുമായി ഒന്നിച്ച് നടന്നതിന്റെ ഓർമ്മകളില്ല. പക്ഷെ, ദീർഘമായി സംസാരിച്ചിട്ടുണ്ട്. ആവേളയിൽ നാടകവും രാഷ്ട്രീയവും നിറഞ്ഞു നിന്നു. ആനന്ദിന്റെ നോാവലുകളെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ സമയം പോകുന്നതറിയില്ല. എസ്.എഫ്.ഐ സമരമുഖങ്ങളിലെ പോരാളിയെ എന്നും ഇഷ്ടത്തോടെ നോക്കി നിന്നിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗൗരവം കലർന്ന മുഖമായിരുന്നു. ഏറെ വിശാലമായ കാഴ്ചപ്പാടുള്ള, രാഷ്ട്രീയ വീക്ഷണമുള്ള, ആഴത്തിൽ ചിന്തിക്കുന്ന അപൂർവം ചില മനുഷ്യരിൽ ഒരാളായിരുന്നു ബിമൽ.

നിരവധി നാടകങ്ങളുടെ രചയിതാവായ ബിമലിൽ ആനന്ദിന്റെ ഗോവര്‍ദ്ധന്റെ യാത്ര എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്ത നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. പുലി പുരാണം, ശിക്കാരി ചാത്തു, ഒരു നഗരം എങ്ങനെ അട്ടിമറിക്കപ്പെടുന്നു, കഥകേട്, ഉദാരം കിനാവ്, യുദ്ധ പര്‍വം, മാധവ ചരിതം, കേണലിനെ ആരും എഴുതുന്നില്ല, കരിങ്കണ്ടന്‍ എന്നിങ്ങനെ നാടകങ്ങൾ ബിമലിന്റെതായുണ്ട്. നാടക്കാരനായ ബിമലും രാഷ്ട്രീയക്കാരനായ ബിമലും വേറിട്ട് നിന്നിരുന്നില്ല. എല്ലായ്പ്പോഴും എല്ലാമായിരിക്കുക എന്ന സവിശേഷതയാണ് ബിമൽ തന്ന പാഠം. പുതിയ ആശയങ്ങളും ക്രിയാത്മക ഇടപെടലുകളും സർഗാത്മക ജീവിതവുമായി അവനിവിടെ നിറഞ്ഞുനിന്നു. പ്രതിസന്ധിനേരങ്ങളിൽ ധീരതയുടെ മറുപേരായി.

മടപ്പള്ളി ഗവ.കോളജിന്റെ ക്യാമ്പസ്‌ ജീവിതമാണ് ബിമൽ എന്ന സർഗ്ഗ പ്രതിഭയെ, സഖാവിനെ പുറംലോകത്തെത്തിച്ചത്. 90-കളില്‍ കോഴിക്കോട്ടെ ഇടത് വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. എ.കണാരന്‍, ഇ.വി.കുമാരന്‍ തുടങ്ങിയ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ജന്മം നല്‍കിയ എടച്ചേരി എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമം കെ.എസ്.ബിമല്‍ എന്ന കരുത്തനായ പോരാളിയെ സൃഷ്ടിച്ചു.

1999 മുതല്‍ മൂന്ന് വര്‍ഷം എസ്.എഫ്.ഐ കോഴിക്കോട് ജില്ല പ്രസിഡന്റായും തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1997ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച ബിമല്‍ സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു.

ഒടു​വിൽ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവരുടെ മുൻനിരയിൽ ബിമൽ ഉണ്ടായിരുന്നു. കോഴിക്കോട് നടത്തിയ അനുസ്മരണ പരിപാടിയിൽ ബിമൽ നടത്തിയ പ്രസംഗം ആദ്യാവസാനം വൈകാരികത നിറഞ്ഞതായി. ആദ്യമായി ടി.പി.ചന്ദ്രശേഖനെ കാണാൻ ഓർക്കാട്ടേരി ടൗണിലെത്തിയത്, അവിടെ മണ്ടോടി കണ്ണൻ സ്മാരക മന്ദിരത്തിനുവേണ്ടി കല്ല് ചുമക്കുന്ന ചന്ദ്രശേഖനെ കണ്ടത്… അങ്ങനെ ഓർമ്മകളുടെ കെട്ടഴിച്ച് വിട്ട പ്രസംഗമിന്നും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു കിടക്കുന്നു.

വാക്കും പ്രവൃത്തിയും ഒന്നായിതീരുക എളുപ്പമല്ല. ഈ കെട്ടകാലത്ത് പ്രത്യേകിച്ചും. അസാധാരണ സാഹചര്യങ്ങളിൽ നിർഭയനായി നടന്നു കാണിച്ച ഒരാളാണ് ബിമൽ. പ്രിയ സഖാവെ പറിച്ചെടുത്തു പോയവരുടെ ഓർമ്മകളുടെ മുകൾപ്പരപ്പിൽ നീയുണ്ടാവും… എന്നും…