‘അവരുടെ സന്തോഷമല്ലേ വലിയ കാര്യം’; വീണ് കിട്ടിയ സ്വര്‍ണ്ണമാല തിരികെയേല്‍പ്പിച്ച ചുമട്ടുതൊഴിലാളി കൃഷ്‌ണേട്ടന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു; സന്തോഷം പ്രകടിപ്പിച്ച് ശോഭിക ടെക്‌സ്‌റ്റൈല്‍സും
കൊയിലാണ്ടി: ‘സ്വര്‍ണ്ണമാല നഷ്ടപ്പെട്ടവരുടെ വിഷമം വലുതായിരിക്കും. അപ്പൊ അതേ ആലോചിച്ചുള്ളൂ..’ കൃഷ്‌ണേട്ടന്‍ പറയുകയാണ്. കൊയിലാണ്ടിയില്‍ നിന്ന് വീണു കിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുറുവങ്ങാട് സ്വദേശിയായ ചെറിയവരണക്കൊടി കൃഷ്ണന്‍.
‘ഇന്നലെ പണിക്ക് പോയിരുന്നില്ല. മറ്റൊരു ആവശ്യത്തിനായാണ് കൊയിലാണ്ടി പോയത്. ശോഭികേന്റെ മുന്നില്‍ കൂടെ പോകുമ്പോഴാണ് റോഡിന്റെ സൈഡില് മാല കിടക്കുന്നത് കണ്ടത്. അതൊരു താലി മാല ആയിരുന്നു. മാല കിട്ടിയപ്പോൾ അവർക്ക് വലിയ സന്തോഷമായി. അവരുടെ സന്തോഷമല്ലേ വലിയ കാര്യം.’ -കൃഷ്‌ണേട്ടന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്താണ് മാല കിടന്നിരുന്നത്. ഓട്ടോക്കാരോട് ഇക്കാര്യം പറയുകയും പിന്നെ ശോഭികയുടെ മാനേജരെ മാല ഏല്‍പ്പിക്കുകയുമായിരുന്നു. അവിടെ നിന്ന് കിട്ടിയ മാല ശോഭികയില് വന്ന ആരുടെയെങ്കിലും ആയിരിക്കും എന്ന് ഉറപ്പായിരുന്നു. -കൃഷ്‌ണേട്ടന്‍ തുടര്‍ന്നു.
‘മാലയുടെ ഉടമസ്ഥരെ കിട്ടിയെന്ന് പറഞ്ഞ് ഇന്നാണ് ശോഭികയില്‍ നിന്ന് വിളി വന്നത്. മാല തിരിച്ച് കൊടുക്കാന്‍ ചെല്ലാനായി അവര്‍ വിളിച്ചു. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ഞാന്‍ പറഞ്ഞെ. അങ്ങനെയാണ് സുമേഷ് പോയി മാല തിരികെ കൊടുത്തത്.’ -കൃഷ്‌ണേട്ടന്‍ പറഞ്ഞു.
തങ്ങളുടെ ഉപഭോക്താവിന്റെ നഷ്ടപ്പെട്ട സ്വര്‍ണ്ണമാല തിരികെ നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശോഭിക ടെക്‌സ്‌റ്റൈല്‍സ് അധികൃതരും. വളരെ സന്തോഷമുണ്ടെന്ന് കൊയിലാണ്ടിയിലെ ശോഭിക ടെക്‌സ്‌റ്റൈല്‍സ് ഷോറൂം മാനേജര്‍ ഫാരിസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൃഷ്‌ണേട്ടന്‍ ശോഭികയില്‍ സ്ഥിരം സാധനമിറക്കാന്‍ വരുന്നയാളാണ്.
‘കൃഷ്‌ണേട്ടനും ഓട്ടോറിക്ഷക്കാരുമാണ് മാല കൊണ്ടുവന്ന് തന്നത്. മാല നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസം വന്ന ഒരാള്‍ വിളിച്ചിരുന്നു. മാല കിട്ടിയിട്ടുണ്ടെന്നും ഉറപ്പിക്കാനായി ഫോട്ടോ അയക്കാനും അവരെ വിളിച്ച് പറഞ്ഞു. അവര്‍ മാലയുടെ ഫോട്ടോ അയക്കുകയും മാല അവരുടെത് തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവരെ ഷോറൂമിലേക്ക് വിളിച്ചു. കൃഷ്‌ണേട്ടനെ വിളിച്ചെങ്കിലും അദ്ദേഹം വരുന്നില്ല എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ വന്നാണ് മാല ഉടമസ്ഥര്‍ക്ക് കൈമാറിയത്. ഏതാനും മാസങ്ങള്‍ മുമ്പും സമാനമായ സംഭവം ശോഭികയില്‍ നടന്നിരുന്നു. അന്ന് നാദാപുരത്തെ ഒരാളുടെ മാലയാണ് നഷ്ടപ്പെട്ടത്. അതും നമുക്ക് തിരികെ കൊടുക്കാന്‍ കഴിഞ്ഞു.’ -അദ്ദേഹം പറഞ്ഞു.