43 വര്‍ഷക്കാലം കൊയിലാണ്ടിക്കാരുടെ സിനിമാ സ്‌നേഹത്തിന് സാക്ഷിയായ കൃഷ്ണ തിയേറ്റര്‍ ഇനി ഓര്‍മ്മ; കെട്ടിടം പൊളിച്ചു തുടങ്ങി


ഫോട്ടോ: ബൈജു എംപീസ്

കൊയിലാണ്ടി: 43 വര്‍ഷക്കാലം കൊയിലാണ്ടിക്കാരുടെ സിനിമാ സ്‌നേഹത്തിന് സാക്ഷിയായ കൊയിലാണ്ടിയിലെ കൃഷ്ണ തിയേറ്റര്‍ പൊളിച്ചുമാറ്റി തുടങ്ങി. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികളെത്തി തിയേറ്റര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. അത്യാധുനിക സൗകര്യമുള്ള തിയേറ്റര്‍ സൗകര്യമടക്കമുള്ള ഷോപ്പിങ് മാള്‍ ഇവിടെ പണിയുമെന്നാണ് ഉടമസ്ഥര്‍ പറയുന്നത്.

വടകര സ്വദേശിയായ കേളോത്ത് ചെറുവലത്ത് സി.കെ രാഘവന്റെ ഉടമസ്ഥതയിലുളളതായിരുന്നു കൃഷ്ണ തിയേറ്റര്‍. അദ്ദേഹത്തിന്റെ കാലശേഷം മരുമക്കളായിരുന്നു സ്ഥാപനം നടത്തിക്കൊണ്ടുപോയത്. ഏറെക്കാലം വന്‍ ലാഭത്തില്‍ നടത്തിക്കൊണ്ടുപോയിരുന്ന സ്ഥാപനം തിയേറ്റര്‍ രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവോടെ അതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പൂട്ടേണ്ടിവരികയായിരുന്നു. നാലുവര്‍ഷം മുമ്പാണ് സ്ഥാപനം അടച്ചുപൂട്ടിയത്.

1981ലാണ് നടന്‍ സോമനും ഷീലയും ചേര്‍ന്ന് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. അന്നുണ്ടായിരുന്ന തിയേറ്ററുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ സൗകര്യമുള്ളതായിരുന്നു കൃഷ്ണ തിയേറ്റര്‍. ജയന്റെ മാസ്റ്റര്‍ പീസ് ചിത്രമായ അങ്ങാടിയായിരുന്നു ഇവിടെ ആദ്യ പ്രദര്‍ശനം. ആദ്യത്തെ ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, 70 എം.എം ചിത്രമായ പടയോട്ടം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.