കോഴിക്കോടിന്റെ മെട്രോ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍വെക്കുന്നു; ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത് 27.1 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് കോറിഡോറുകള്‍


കോഴിക്കോട്: കോഴിക്കോടിന്റെ ഗതാഗതക്കുരുക്കും വാഹനപെരുപ്പവും കണക്കിലെടുത്ത്മെട്രോ പദ്ധതിക്കായുള്ള അണിയറയൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമഗ്ര മൊബിലിറ്റി പ്ലാന്‍ കരട് റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് മെട്രോ സംബന്ധിച്ച ചര്‍ച്ച നടന്നത്. ആദ്യഘട്ടത്തില്‍ 27.1 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. വെസ്റ്റ്ഹില്‍-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂര്‍-രാമനാട്ടുകര റൂട്ടില്‍ 19 കിലോമീറ്ററിലാണ് ആദ്യ കോറിഡോര്‍. മെഡിക്കല്‍ കോളജ്-തൊണ്ടയാട്-കോഴിക്കോട് ബീച്ച്റൂട്ടില്‍ 8.1 കിലോമീറ്ററിലാണ് രണ്ടാമത്തെ കോറിഡോര്‍.

ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളും സ്ഥലങ്ങളും പരിശോധിച്ചാണ് മെട്രോയുടെ കോറിഡോറുകള്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. കരട് നിര്‍ദ്ദേശം കോര്‍പ്പറേഷനില്‍ ചര്‍ച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനും തുടര്‍ന്ന് കേന്ദ്ര അംഗീകാരത്തിനും സമര്‍പ്പിക്കാനാണ് തീരുമാനം. ഇതിന് ഏഴ് മാസത്തോളം സമയമെടുക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് വിശദമായപദ്ധതിരേഖ തയാറാക്കും. 50 മുതല്‍ 60 വര്‍ഷം വരെയുള്ള കോഴിക്കോടിന്റെ വികസനം മുന്‍കൂട്ടി കണ്ടാണ് പദ്ധതി തയ്യാറാക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

കോഴിക്കോട് സിറ്റി മാസ്റ്റര്‍ പ്ലാന്‍, സമഗ്ര മൊബൈലിറ്റി പ്ലാന്‍ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതിയെന്ന് യോ?ഗത്തില്‍ പങ്കെടുത്ത കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി. ലോക്‌നാഥ് ബെഹ്റ പറഞ്ഞു. തൂണുകളിലാണ് (എലിവേറ്റഡ്) മെട്രോ വരുന്നതെങ്കില്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റടുക്കേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കുലര്‍ ബസ് സര്‍വീസുകള്‍, നിലവിലെ സിറ്റി ബസ് സര്‍വീസുകളുടെ പുനര്‍വിന്യാസം, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പാര്‍ക്കിങ് ഇടങ്ങള്‍ ഒരുക്കല്‍ എന്നിങ്ങനെ സമഗ്ര വികസന പദ്ധതികളാണ് മെട്രോയുമായി ബന്ധപ്പെട്ട് വിഭാവനം ചെയ്യുന്നത്. പദ്ധതി വരുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം കുറ്റമറ്റ രീതിയില്‍ സാധ്യമാക്കണമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.

കോഴിക്കോടിന്റെ ഭാവി മുന്നില്‍ക്കണ്ട് നടപ്പാക്കുന്ന പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. കരട് മൊബിലിറ്റി പ്ലാനിന്റെ അടിസ്ഥാനത്തില്‍ മെട്രോയുടെ ആദ്യഘട്ടം ആരംഭിക്കാനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ആദ്യഘട്ടം പൂര്‍ത്തീകരിച്ച ശേഷം അടുത്തഘട്ടം ആരംഭിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.