വീരസ്മരണ; നായിബ് സുബേദാര്‍ ശ്രീജിത്തിന്റെ ഒന്നാം ചരമ വാര്‍ഷികം വിപുലമായി ആചരിക്കാനൊരുങ്ങി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
ചേമഞ്ചേരി: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീര മ്യുത്യു വരിച്ച ധീര ജവാന്‍ നായിബ് സുബേദാര്‍ ശ്രീജിത്തിന്റെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചാരക്കാനൊരുങ്ങി ചേമഞ്ചേരി പഞ്ചായത്ത്. 2021 ജൂലൈ എട്ടിനാണ് കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടയില്‍ ശ്രീജിത്ത് വീരമൃത്യുവരിച്ചത്.
പരിപാടികൾ വിഭാവന ചെയ്യാൻ ചേമഞ്ചേരിയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. മാസങ്ങൾ നീളുന്ന പദ്ധതികളാണ് അനുസ്മരണത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
അനുസ്മരണത്തിന്റെ ഭാഗമായി മാര്‍ച്ച് 13 ന് കാഞ്ഞിലശ്ശേരി നായനാര്‍ മിനി സ്റ്റേഡിയത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ, ഏപ്രില്‍ മാസത്തില്‍ പ്രീ റിക്രൂട്ട്‌മെന്റ് റാലി,കാപ്പാട് ബീച്ചില്‍ യുദ്ധസ്മാരകം,പൂക്കാട് ടൗണില്‍ സ്മാരക കവാടം,സ്മരണിക പ്രകാശനം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസ മത്സരം, സെമിനാറുകള്‍, അമര്‍ ജവാന്‍ ജ്യോതി എന്നിവ സംഘടിപ്പിക്കും.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, കേണല്‍ എം.ഒ മാധവന്‍ നായര്‍, മാടഞ്ചേരി സത്യനാഥന്‍, സി.അശ്വനീദേവ്, ഉണ്ണികൃഷ്ണന്‍ തിരൂളി, നിധിന്‍,ഷിജു കാര്യാതോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അനുസ്മരണ സമിതി ഭാരവാഹികളായി സതി കിഴക്കയില്‍ (ചെയര്‍പേഴ്‌സന്‍) സി.അശ്വനിദേവ് (വര്‍ക്കിംഗ് ചെയര്‍മാന്‍), മാടഞ്ചേരി സത്യനാഥന്‍ (ജനറല്‍ കണ്‍വീനര്‍) സി.രതീഷ് ഈച്ചരോത്ത് (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.
നാല്‍പ്പത്തിരണ്ടാം വയസ്സിലാണ് ശ്രീജിത്ത് കണ്ണീരോര്‍മയായത്. സര്‍വീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടേതുള്‍പ്പെടെ 23 പുരസ്‌കാരങ്ങളും നേടിയിരുന്നു. ശത്രുസേനയുടെ മുനയൊടിക്കുന്നതില്‍ ശ്രീജിത്ത് എന്നും മുന്നിലായിരുന്നു. 20 വര്‍ഷം മുമ്പ് കന്യാകുമാരി സ്വദേശി ഡേവിഡ് രാജുവിനോടൊപ്പം ചേര്‍ന്ന് റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ബോംബ് വര്‍ഷിച്ച് മൂന്ന് പാക് ഭീകരരെ അദ്ദേഹം വധിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യഭാഗമായുള്ള ഇന്ത്യന്‍ സൈനിക സംഘത്തില്‍ അംഗമായിരുന്നു. വീരമൃത്യുവരിക്കുന്നതിന് മുന്നുമാസം മുമ്പാണ് നായിബ് സുബേദാര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.