ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയായില്ല; മഴ പെയ്തപ്പോഴേക്കും വെള്ളക്കെട്ടില്‍ മുങ്ങി പയ്യോളിയില്‍ ദേശീയപാത
പയ്യോളി: ന്യൂനമര്‍ദം കാരണം മഴ ശക്തമായതോടെ പയ്യോളിയില്‍ ദേശീയപാത വെളളക്കെട്ടില്‍ മുങ്ങി. ബുധനാഴ്ച വൈകിട്ടോടെ മഴ തുടങ്ങിയതിന് പിന്നാലെ തന്നെ ടൗണും പരിസരവും വെളളത്തിലായി.
നന്തി മുതല്‍ മൂരാട് പാലംവരെ പല ഭാഗങ്ങളിലും പുഴയ്ക്ക് സമാനമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പലയിടത്തും റോഡ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. വെള്ളം കെട്ടികിടക്കുന്നതിനാല്‍ കുണ്ടും കുഴിയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്.
പയ്യോളി പൊലീസ് സ്റ്റേഷന്റെ മുന്നില്‍ സര്‍വ്വീസ് റോഡുകളുടെയും ഓവുചാലുകളുടെയും നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതു കാരണം വെളളമൊഴുകിപ്പോവാന്‍ മാര്‍ഗമില്ലാതെയായി. ഇത് ഇവിടെ വലിയ തോതിലുളള വെളളക്കെട്ട് രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്.
കുണ്ടിലും കുഴിയിലും പെട്ട് ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇതുവഴിയുള്ള ലോക്കല്‍ ബസുകള്‍ പലതും ട്രിപ്പ് മുടക്കി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ദുരിതമാണ്.