അതിജീവിതയെ അനുകൂലിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡന സംഭവത്തില്‍ സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡന സംഭവത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിന്നെന്ന് ആരോപിച്ച് സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ പി ബി അനിതയ്ക്ക് സ്ഥലം മാറ്റം.

ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അനിതയുടെ പ്രവര്‍ത്തനത്തിലെ വീഴ്ച കാരണമാണ് അതിജീവിതയുടെ മൊഴിമാറ്റാന്‍ ശ്രമം നടക്കാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്. അനിതക്ക് പുറമെ ചീഫ് നഴ്‌സിങ് ഓഫിസര്‍, നഴ്‌സിങ് സൂപ്രണ്ട്, എന്നിവരെയും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്.

ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഐസിയു പീഡന പരാതിയില്‍ നിന്നും പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിലാണ് ഉത്തരവ്.

സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങളില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചകളുണ്ടെന്നാണ് അന്വേഷണത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തല്‍. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്.