കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനം; പ്രതി വടകര സ്വദേശി കുഴിപറമ്പത്ത് ശശീന്ദ്രന് ജാമ്യം നിഷേധിച്ച് കോടതി


വടകര: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയയായ  യുവതിക്ക് നേരെ  ലൈംഗീകാതിക്രമം നടത്തിയ കേസില്‍ വടകര സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര മയ്യന്നൂർ കുഴിപറമ്പത്ത് ശശീന്ദ്രന്റെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയിഡ്‌ ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിലായ യുവതിയെ ഐസിയുവില്‍വെച്ച് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ മെഡിക്കല്‍ കൊളേജ് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. മെഡിക്കല്‍ കൊളേജിലെ അറ്റന്ററായ പ്രതി കേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്.

നേരത്തെ, ഈ സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അന്വേഷണ സമിതി നിയമിച്ചിരുന്നു.

മാര്‍ച്ച് 18ന് രാവിലെ ആറു മണിക്കും 12 മണഇക്കും ഇടയിലാണ് യുവതി പീഡനത്തിന് ഇരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെ എത്തിച്ചത് അറ്റന്‍ഡറാണ്. ഇതിനുശേഷം മടങ്ങിയ ഇയാള്‍ അല്‍പസമയം കഴിഞ്ഞ് തിരികെവന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.