ചെമ്മീൻ കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് അടപ്പിച്ചു


നാദാപുരം: ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തെ തുടർന്ന് കല്ലാച്ചി മത്സ്യമാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അടപ്പിച്ചു. ഭക്ഷ്യവിഷബാധയെത്തുടർന്നാണെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. ശുചിത്വം ഉറപ്പ് വരുത്താൻ നദാപുരം പഞ്ചായത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. പഞ്ചായത്തും ആരോഗ്യവകുപ്പും മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയാണ് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചെമ്മീന്‍ വീട്ടില്‍ കറി വെച്ചത്.

ബുധനാഴ്ച രാത്രിയോടെ വീട്ടമ്മയ്ക്ക് കടുത്ത വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് ഇവരെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ സുലൈഖയെ ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ മറ്റു കുടുംബാംഗങ്ങൾക്കൊന്നും രോഗലക്ഷണങ്ങള്‍ ഇല്ല. എന്നാല്‍ സുലൈഖയ്ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാവാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. മൃതദേഹം കോഴിക്കോട്ടെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.