”കമന്റ് ബോക്‌സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, അവധി രസമാണ്, എന്നാല്‍…” സോഷ്യല്‍ മീഡിയയിലൂടെ അവധി ചോദിച്ചവര്‍ക്ക് മാസ് മറുപടിയുമായി കോഴിക്കോട് ജില്ലാ കലക്ടര്‍


കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ മഴ അവധി ചോദിച്ചവര്‍ക്ക് മാസ് മറുപടിയുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ്. ‘അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ’ എന്നാണ് കലക്ടര്‍ മറുപടി കുറിപ്പില്‍ പറയുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചില്‍ ഭീഷണി, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങള്‍ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തില്‍ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നതെന്നും കലക്ടര്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

കലക്ടറുടെ കുറിപ്പ് വായിക്കാം:

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചില്‍ ഭീഷണി, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങള്‍ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തില്‍ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നത്.
നിങ്ങളുടെ സുരക്ഷക്കാണ് എപ്പോഴും ഞങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍ക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങള്‍ പരമാവധി സംരക്ഷിക്കുകയും വേണം.

അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാന്‍ ശീലിച്ചവരാണ് നമ്മള്‍, മഴയാണ് എന്ന് കരുതി നമ്മള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെക്കാറില്ലല്ലോ.

കമന്റ് ബോക്‌സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ആരോഗ്യകരമാക്കേണ്ടതുണ്ട്.

അപ്പൊ പറഞ്ഞുവരുന്നത് ”കാലമിനിയുമുരുളും..
വിഷുവരും വര്‍ഷം വരും
തിരുവോണം വരും
പിന്നെയൊരോ തളിരിനും
പൂവരും കായ്വരും
അപ്പോഴാരെന്നും
എന്തെന്നും ആര്‍ക്കറിയാം..”
എന്നിരുന്നാലും, നമുക്ക് അറിയാവുന്ന ഒന്നുണ്ട് വിദ്യാധനം സര്‍വ്വധാനാല്‍ പ്രധാനം.