‘പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല’; സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വിവാദ പരാമർശവുമായി കോഴിക്കോട് കോടതി
കോഴിക്കോട്: കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസില്‍ എഴുത്തകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിൽ വിവാദ പരാമർശവുമായി കോടതി. നന്തിയിൽ നടന്ന ക്യാമ്പിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമർശം ഉണ്ടായത്.
‘ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല’ എന്നായിരുന്നു കോടതിയുടെ പരാമർശം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമർശമുണ്ടായിരുന്നത്.
പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് ഉത്തരവിൽ പരാമർശിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവതിയും രംഗത്തു വന്നു.
കോടതിയുടെ പരാമര്‍ശം തന്നെ മാത്രമല്ല ലൈംഗിക പീഡനത്തിന് ഇരകളായ എല്ലാവരേയും അവഹേളിക്കുന്നതാണന്ന് യുവതി പറഞ്ഞു. ഇതിനെതിരെ യുവതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നൽകുമെന്നും അറിയിച്ചു.
ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതിയിൽ സമര്‍പ്പിച്ച ചിത്രങ്ങളിൽ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാ രിയെ ബലംപ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2020 ഫെബ്രുവരി 18 ന് നന്തി കടപ്പുറത്ത് നടന്ന ക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സിവിക് ചന്ദ്രന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. 2021 ഏപ്രില്‍ 17ന് പുസ്തക പ്രകാശനത്തിന് എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് കാണിച്ച് മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. രണ്ടു കേസുകളും കൊയിലാണ്ടി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. ഇയാൾക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.