നഗരത്തില്‍ പ്രൗഡഗംഭീരമായി നിലനിന്ന, തലമുറകളുടെ ജന്മത്തിന് സാക്ഷ്യം വഹിച്ച കോഴിക്കോട്ടെ അശോക ആശുപത്രി ഓര്‍മയാവുന്നു; പ്രവര്‍ത്തനം ഡിസംബര്‍ 31വരെ മാത്രം


കോഴിക്കോട്: തലമുറകള്‍ക്ക് ജന്മം നല്‍കിയ കോഴിക്കോട്ടെ അശോക ആശുപത്രി ഓര്‍മയാവുന്നു. 2022 ഡിസംബര്‍ 31ഓടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലക്കും. വെള്ളിമാട്കുന്ന് -മാനാഞ്ചിറ റോഡ് വികസനത്തിന്റെ ഭാഗമായാണ് ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റപ്പെടും. അതോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. പുതിയ കെട്ടിടം പണിയാന്‍ സ്ഥലപരിമിതികള്‍ ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും കെട്ടിടം പൊളിച്ച് പുതിയ ആശുപത്രി പണിയുക പ്രയാസം ആണെന്നും പറയുന്നു.

നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ചരിത്രമാകാന്‍ പോവുന്നത് കോഴിക്കോട് നഗരത്തിലെ പ്രൗഢിയേറെയുള്ള പൈതൃകമുദ്രയാണ്. 92 വര്‍ഷം മുമ്പ് 1930ല്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ഡോക്ടര്‍ വി.ഐ.രാമന്‍ ആണ് അശോക ആശുപത്രി സ്ഥാപിച്ചത്. യൂറോപ്പിലെ വിയന്നയില്‍ ആയിരുന്നു വടക്കേ മലബാറിലെ പ്രശസ്ത ഗൈനൊക്കോളജിസ്റ്റ് ആയിരുന്ന അദ്ദേഹത്തിന്റെ ഉന്നത പഠനം. യൂറോപ്യന്‍ നിര്‍മാണ രീതികളോടുള്ള താല്‍പര്യം കാരണം ആണ് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം യൂറോപ്യന്‍ നിര്‍മാണ രീതിയും കേരളീയ വാസ്തു കലയും ചേര്‍ത്ത് വെച്ച് കോഴിക്കോട് ബാങ്ക് റോഡില്‍ അശോക ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്സിംഗ് ഹോം എന്ന പേരില്‍ കെട്ടിടം പണിതത്.

തുടക്കത്തില്‍ എല്ലാ വിഭാഗത്തിലും ചികിത്സയുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായി മാറി. ദന്താശുപത്രിയും ഇവിടെ പിന്നീട് വന്നു. അനുബന്ധമായി കെട്ടിടങ്ങള്‍ വേറെയും നിര്‍മിച്ചെങ്കിലും മുഖമുദ്രയായി പഴയ കെട്ടിടം അതേപടി നിലനിര്‍ത്തി. നാലാം തലമുറയിലെ ഡോ. അശ്വിന്‍ ബാലകൃഷ്ണനാണ് ഇപ്പോള്‍ ആശുപത്രി നടത്തുന്നത്. ഡോക്ടര്‍മാരുള്‍പ്പെടെ 40ഓളം സ്റ്റാഫുണ്ട് ഇവിടെ. പ്രസവത്തിനു മാത്രമാണ് അഡ്മിറ്റ്. മറ്റുള്ളത് ഒ.പി വിഭാഗവും ഡെന്റല്‍ വിഭാഗവും മാത്രമാണ്. ഡിസംബര്‍ 31ന് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നു കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.