ഇനി മത്സരങ്ങളുടെ നാളുകള്‍, ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കൊയിലാണ്ടി കാത്തിരിക്കുന്നു; കൊയിലാണ്ടി ഉപജില്ല ശാസ്‌ത്രോത്സവം17, 18 തിയ്യതികളില്‍


കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല ശാസ്ത്രാത്സവം ഒക്ടോബര്‍ 17 ന് ആരംഭിക്കും. കൊയിലാണ്ടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് 17, 18 തിയ്യതികളിലായി ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ,ഐ ടി മേള എന്നിവ നടക്കും.

പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെ വിവിധ വിഭാഗങ്ങളിലായി 280 ഓളം ഇനങ്ങളിലാണ് മത്സരം. ഉപജില്ലയിലെ നൂറോളം സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. 17 ന് സാമൂഹ്യ ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും 18 ന് ശാസ്ത്ര, ഗണിത ശാസ്ത്രമേളകളും ഐ.ടി മേളയും നടക്കും.


മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന വിധ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും സുഖകരമായി മത്സരങ്ങളില്‍ പങ്കെടുക്കാനും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി മത്സരങ്ങള്‍ നടത്താനുള്ള സജജീകരണങ്ങള്‍ പ്രോഗ്രാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. കൂടാതെ രണ്ടു ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഭക്ഷണ കമ്മിറ്റി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ പബ്ലിസിറ്റി & മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഷര്‍ഷാദ് പുറക്കാട് സ്വാഗതം പറഞ്ഞു. അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും ജി.വി.എച്ച്.എസ്.എസ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളുമായ പ്രദീപ് കുമാര്‍ എന്‍.വി വിശദീകരണം നടത്തി. ബിജേഷ് ഉപ്പാലക്കല്‍ സുധാകരന്‍ കെ.കെ, വി. സുചീന്ദ്രന്‍, എന്‍.കെ ഹരീഷ് ,സബ്‌ന സി, രൂപേഷ് കുമാര്‍ ,മുഹമ്മദ് സഫീഖ് എന്നിവര്‍ പങ്കെടുത്തു.