വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം; ഭക്തിസാന്ദ്രമായി പ്ലാവ് കൊത്തല്‍ കര്‍മ്മം


കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. വിയ്യൂർ അരോത്ത് കണ്ടി കല്യാണി അമ്മ എന്നവരുടെ വീട്ടുപറമ്പിലാണ് നടന്നത്. മാര്‍ച്ച് 2ന് ആരംഭിക്കുന്ന ഉത്സവം ഏഴിന് അവസാനിക്കും.

കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് മാർച്ച് 2ന് കാലത്ത് കിഴക്കെ തയ്യിൽ രഘുനാഥ്, കുറുമയിൽ നടുവത്തൂർ എന്നവരുടെ വീട്ടുപറമ്പിൽ നടക്കും.

കൊടിയേറ്റ ദിവസം കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, ഇരട്ടത്തായമ്പക, കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന നാടകം ‘നമ്മള്‍’ എന്നിവ നടക്കും. 3ന് കൊച്ചു കലാകാരന്‍മാരുടെ മേളം, ക്ഷേത്രം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര, ശുകപുരം രഞ്ജിത്, സദനം അശ്വിന്‍ മുരളി എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, കൈരളി കലാ-സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന കൈരളി നൈറ്റ് എന്നിവ അരങ്ങേറും.

4ന് കോട്ടപ്പുറം കുടവരവ്, മഞ്ഞുമ്മല്‍ മഹാദേവന്‍- ഏറണാകുളം അവതരിപ്പിക്കുന്ന തായമ്പക, അരങ്ങോല വരവ്, ഗാനമേള, മുല്ലക്കാന്‍ പാട്ടിനെഴുന്നള്ളത്ത്, പാണ്ടിമേളം, തേങ്ങ ഏറുംപാട്ടും എന്നിവയും 5ന് വൈകീട്ട് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, കണലാടി വരവ്, വെടിക്കെട്ട്, ചൊവ്വല്ലൂര്‍ മോഹനന്‍ വാര്യരുടെ തായമ്പക എന്നീ പരിപാടികളും നടക്കും.

6ന് പ്രധാന ദിവസം കാലത്ത് ആനയൂട്ട്, കഴകത്ത് വരവ്, തുടര്‍ന്ന് ആഘോഷ വരവുകള്‍, ഉച്ചക്ക് ശേഷം തിരുവായുധം വരവ്, വിവിധ തിറകള്‍, തിടമ്പ് വരവ്, പൊതുജന കാഴ്ചവരവ്, തണ്ടാന്‍ വരവ്, താലപ്പൊലി, കാലിക്കറ്റ് മ്യൂസിക്കല്‍ വൈബിന്റെ ഗാനമേള, കരിമരുന്ന് പ്രയോഗം, പുലര്‍ച്ചെയോടെ വേളിത്തിരിവെക്കല്‍, കനല്‍ നിവേദ്യം, കനലാട്ടംഎന്നിവ നടക്കും. സമാപന ദിവസം 7ന് രാത്രി ആറാട്ടിനെഴുന്നള്ളിപ്പ്, പാണ്ടിമേളം, വാളകം കൂടലിന് ശേഷം കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.