വിയ്യൂരിന് ആറ് നാള്‍ ഇനി ആഘോഷം; ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച 12 മണിയോടെയായിരുന്നു കൊടിയേറ്റം. കീഴരിയൂരിലെ ഉണ്ണിക്യാംകണ്ടി ചോയിയുടെ പറമ്പില്‍ നിന്ന് കൊടിയേറ്റത്തിനായുള്ള മുള മുറിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് ഇല്ലത്ത് കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം.
ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്ലാവ് കൊത്തല്‍ ചടങ്ങ് ഫെബ്രുവരി 22 ന് നടന്നിരുന്നു. മാര്‍ച്ച് ആറിന് പുലര്‍ച്ചെ നടക്കുന്ന കനല്‍ നിവേദ്യത്തിനായുള്ള പ്ലാവ് കൊത്തലാണ് അന്ന് നടന്നത്. വാടാക്കട ഗണേശന്റെ വീട്ടുപറമ്പിലെ പ്ലാവാണ് കൊത്തിയത്. ഓരോ വര്‍ഷവും പ്രദേശവാസികളാരെങ്കിലും നേര്‍ച്ചയായി നല്‍കുന്ന പ്ലാവാണ് മുറിക്കുക.
കൊടിയേറ്റ ദിവസമായ വ്യാഴാഴ്ച സമൂഹസദ്യയും കരിമരുന്ന് പ്രയോഗവുമുണ്ട്. വൈകീട്ട് ആറരയ്ക്ക് ദീപാരാധനയ്ക്ക് ശേഷം ഒറ്റപ്പാലം പാറമേല്‍പ്പടി അഭിലാഷിന്റെ നേതൃത്വത്തിലുള്ള തായമ്പക അരങ്ങേറും.
മാര്‍ച്ച് മൂന്നിന് പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വൈകീട്ട് ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാരും ശുകപുരം രഞ്ജിത്തും നയിക്കുന്ന ഇരട്ടത്തായമ്പക ഉണ്ടാവും. തുടര്‍ന്ന് രാത്രി എട്ട് മണിക്ക് കൈരളി കലാ-സാംസ്‌കാരികവേദി അവതരിപ്പിക്കുന്ന കൈരളി നൈറ്റ് 2023 അരങ്ങേറും. രാത്രി പത്ത് മണിയോടെ പരദേവതാ ക്ഷേത്രത്തില്‍ കോമരം കൂടിയ വിളക്ക് നടക്കും.
മാര്‍ച്ച് നാലിന് രാവിലെ പത്ത് മണിക്ക് കോട്ടപ്പുറം കുടവരവ്, വൈകീട്ട് അഞ്ച് മണിക്ക് തോറ്റം, ആറരയ്ക്ക് ദീപാരാധന എന്നിവയും തുടര്‍ന്ന് ഏഴ് മണിക്ക് ആലുവ എടത്തല ആദര്‍ശിന്റെ തായമ്പക അരങ്ങേറും. രാത്രി എട്ട് മണിക്ക് മ്യൂസിക് നൈറ്റ്, മുല്ലക്കാന്‍ പാട്ടിന് എഴുന്നള്ളത്ത്, പാണ്ടിമേളം തുടര്‍ന്ന് പരദേവതാ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും എന്നിവ നടക്കും.
മാര്‍ച്ച് അഞ്ചിന് ചമയപ്രദര്‍ശനം നടക്കും. വൈകീട്ട് അഞ്ച് മണിക്ക് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. വൈകീട്ട് 6:20 ന് കണലാടി വരവ്, തോറ്റം, വെടിക്കെട്ട്, തുടര്‍ന്ന് ചൊവ്വല്ലൂര്‍ മോഹനവാര്യര്‍ അവതരിപ്പിക്കുന്ന തായമ്പക എന്നിവയും എട്ടരയ്ക്ക് ഗാനമേളയും അരങ്ങേറും.
മാര്‍ച്ച് ആറിന് രാവിലെ എട്ടരയ്ക്ക് ആനയൂട്ട് ചടങ്ങ് നടക്കും. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വരവുകള്‍ എത്തും. പന്ത്രണ്ടരയ്ക്ക് അകത്തും പുറത്തും ഉച്ചഗുരുതി നടക്കും. കൊല്ലന്റെ തിരുവായുധം വരവിന് ശേഷം വൈകീട്ട് നാല് മണിക്ക് ഭഗവതി തിറ നടക്കും. അഞ്ച് മണി മുതല്‍ ആല്‍ത്തറ വരവ്, പൊതുജന കാഴ്ച വരവ്, തണ്ടാന്‍വരവ്, താലപ്പൊലി് എന്നിവയും രാത്രി എട്ടരയ്ക്ക് പരദേവതയ്ക്ക് നട്ടത്തിറയും അരങ്ങേറും.
അന്നേദിവസം രാത്രി 8:15 ന് പഠനസഹായനിധി വിതരണവും തുടര്‍ന്ന് എട്ടരയ്ക്ക് ഗാനമേളയും ഉണ്ടാകും. ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗവും നടക്കും.
സമാപന ദിവസമായ മാര്‍ച്ച് ഏഴിന് കാളിയാട്ട പറമ്പില്‍ ഗുരുതി, മലക്കളി, ആറാട്ടിന് എഴുന്നള്ളത്ത് എന്നിവ നടക്കും. രാത്രി ഒമ്പത് മണിക്ക് സദനം രാജേഷ് മാരാരുടെ പ്രമാണിത്വത്തില്‍ പാണ്ടിമേളം അരങ്ങേറും. സോപാനനൃത്തത്തിന് ശേഷം 12 മണിയോടെ വാളകം കൂടലും കരിമരുന്ന് പ്രയോഗവും നടക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.