കൊയിലാണ്ടി സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പ്; അനുരഞ്ജന ചര്‍ച്ചയില്‍ വിമതവിഭാഗത്തെ അനുനയിപ്പിച്ചു, ഔദ്യോഗിക പട്ടികയില്‍ നിന്നും രണ്ടുപേരെ നീക്കി, വിമതപക്ഷത്തുനിന്നും രണ്ടുപേര്‍ പട്ടികയില്‍
കൊയിലാണ്ടി: കൊയിലാണ്ടി സര്‍വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. സഹകരണ ജനാധിപത്യ മുന്നണി എന്ന പേരില്‍ മത്സരരംഗത്തുണ്ടായിരുന്ന വിമത വിഭാഗവുമായി കെ.പി.സി.സിയും ഡി.സി.സിയും ഇടപെട്ട് നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നപരിഹാരമായത്.
ഔദ്യോഗിക ലിസ്റ്റ് പ്രകാരമുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഞ്ച് പേരെ മാറ്റണമെന്നായിരുന്നു വിമതവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ രണ്ടുപേരെ മാറ്റുകയായിരുന്നു. മനോജ് പയറ്റ് വളപ്പില്‍, ലജിത ഉഴിക്കോള്‍ക്കുനി എന്നിവരെയാണ് മാറ്റിയത്. പകരം ഉണ്ണിക്കൃഷ്ണന്‍ മരളൂരിനെയും ജാനറ്റിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി.
ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനമായത്. യു.എഫിന്റെ ഔദ്യോഗിക പാനലിനെതിരെ നാമനിര്‍ദേശ പത്രിക കൊടുത്തവര്‍ പാര്‍ട്ടിയുടെയും, മുന്നണിയുടെയും വിശാല താല്പര്യം പരിഗണിച്ച് മത്സര രംഗത്ത് നിന്നും പിന്‍മാറിയതായും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ അഡ്വ. കെ.വിജയന്‍, എന്‍.മുരളീധരന്‍ തൊറോത്ത്, വി.എം.ബഷീര്‍, സി.പി.മോഹനന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, പ്രകാശന്‍.എന്‍.എം, ശൈലജ ടി.പി, ജാനറ്റ് എം, വത്സന്‍.പി.വി, ഷംനാസ്.എം.പി, ഐശ്വര്യ ടി.വി എന്നിവരുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.