കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയര്‍ത്തി; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ അബി.എസ് ദാസിന് കുറുവങ്ങാട് സ്‌കൂളില്‍ സ്വീകരണം


കൊയിലാണ്ടി: ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാന്‍ 3ല്‍ സുപ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ യുവ ശാസ്ത്രജ്ഞന്‍ അബി എസ് ദാസിനെ കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂള്‍ സ്വീകരണം നല്‍കി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് അബി. സ്വീകരണ പരിപാടി എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂള്‍, കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്‌കൂള്‍, വടകര സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു അബിയുടെ പഠന കാലം. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നാണ് എഞ്ചിനിയറിങ് ബിരുദം നേടിയത്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് അബിന്‍ ഐ.എസ്.ആര്‍.ഒയില്‍ ചേരുന്നത്.

നഗരസഭാക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍, പി ടി എ യുടെ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തു കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, ജിഷ പുതിയെടത്ത് എന്നിവരും പിടിഎ പ്രസിഡണ്ട് അരുണ്‍ മണമല്‍, സ്‌കൂള്‍ മാനേജര്‍ എന്‍ ഇ മോഹനന്‍ നമ്പൂതിരി എന്നിവരും ആശംസകളര്‍പ്പിച്ചു. ഹെഡ് മാസ്റ്റര്‍ സി ഗോപകുമാര്‍ സ്വാഗതവും വിനോദ് കെ.കെ നന്ദിയും രേഖപ്പെടുത്തി.