കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടം: എം.എല്‍.എ കാനത്തിൽ ജമീലയുടെ നേതൃത്വത്തില്‍ അവലോകന യോഗം


കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ മൂന്ന് കോടി രൂപയാണ് പോലീസ് സ്റ്റേഷനായി വകയിരുത്തിയത്.

നിലവിലുള്ള പോലീസ് സ്റ്റേഷന്റെ വടക്ക് ഭാഗത്തായി ഉള്ള പഴയ നാല് ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു മാറ്റി തല്‍സ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ വേഗത്തില്‍ പൊളിച്ചു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാനും, പുതുതായി നിര്‍മ്മിക്കുന്ന പോലീസ് സ്റ്റേഷന്റെ വിശദമായ ഡിസൈന്‍, പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കാന്‍ എന്‍.ഐ.ടി കോഴിക്കോട്, പൊതുമരാമത്ത് ആര്‍കിടെക്ട് വിഭാഗം എന്നിവരുമായി സംസാരിക്കാനും യോഗം തീരുമാനമായി.

 

 

അഡീഷണല്‍ എസ്.പി എം.പ്രദീപ് കുമാര്‍, ഡി.വൈ.എസ്.പി ഹരിപ്രസാദ് ആര്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍.സിന്ധു, കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാര്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് ഷെഫീഖ്, കേരള പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ അഭിജിത് ജി.പി, വിജയന്‍ എ, ഗിരീഷ് കെ.കെ എന്നിവര്‍ പങ്കെടുത്തു.