കാക്കിക്കുള്ളിലെ കര്‍ഷകന് അംഗീകാരം; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഒ.കെ.സുരേഷിന് മികച്ച കര്‍ഷകനുള്ള ജില്ലാതല പുരസ്‌കാരം


കൊയിലാണ്ടി: കാക്കിയാണ് സുരേഷിന്റെ ഔദ്യോഗിക വേഷമെങ്കിലും അത് അഴിച്ചുമാറ്റിയാല്‍ അദ്ദേഹം തനി കര്‍ഷകനാണ്. മണ്ണിനെ അത്രയേറെ സ്‌നേഹിക്കുന്ന സുരേഷ് തന്റെ ജോലിക്കൊപ്പം സമാന്തരമായി തന്നെ കൃഷിയും ചെയ്യുന്നുണ്ട്. ഒടുവില്‍ അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ് മികച്ച കര്‍ഷകനുള്ള അംഗീകാരം.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (ഡ്രൈവര്‍) ആണ് നടുവത്തൂര്‍ നെല്ലിയുള്ളതില്‍താഴെ ഒ.കെ.സുരേഷ്. ഏഴ് വര്‍ഷത്തോളമായി കാര്‍ഷികരംഗത്ത് സജീവമാണ് അദ്ദേഹം. കൃഷിയോടുള്ള തന്റെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന് ഒരു അംഗീകാരം ലഭിച്ചിരിക്കുകയാണ് സുരേഷിന് ഇപ്പോള്‍.

വെജിറ്റബിള്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള 2020-21 വര്‍ഷത്തെ മികച്ച കര്‍ഷകനുള്ള ജില്ലാതല പുരസ്‌കാരമാണ് സുരേഷിനെ തേടിയെത്തിയിരിക്കുന്നത്. കൊയിലാണ്ടിക്ക് മാതൃകയും അഭിമാനവുമായ അദ്ദേഹത്തിന് മാര്‍ച്ച് എട്ടിന് രാവിലെ 10:30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് അവാര്‍ഡ് സമ്മാനിക്കുക.

നമ്പ്രത്ത്കരയില്‍ 50 സെന്റിന് മുകളില്‍ സ്ഥലം പാട്ടത്തിനെടുത്താണ് താന്‍ പച്ചക്കറി കൃഷി ചെയ്യുന്നതെന്ന് സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വെള്ളരി, കണിവെള്ളരി, കക്കിരി, പയര്‍, ബ്രോക്കോളി, വെണ്ട, ചീര, ഇളവന്‍, മത്തന്‍ തുടങ്ങി നിരവധി ഇനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.

ഇരുപത് വര്‍ഷമായി പൊലീസില്‍ ജോലി ചെയ്തുവരികയാണ് സുരേഷ്. അച്ഛന്‍ കുഞ്ഞിരാമന്‍ നായരില്‍ നിന്നാണ് അദ്ദേഹം കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ പാഠങ്ങളാണ് അദ്ദേഹം പ്രയോഗത്തില്‍ വരുത്തിയത്.

കൃഷിക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയും സുരേഷിനുണ്ട്. ഭാര്യ ശോഭ എന്‍.ടി, മക്കളായ സൂര്യപ്രഭ (ബി.ടെക് വിദ്യാര്‍ത്ഥിനി), സൂര്യനന്ദ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി) എന്നിവര്‍ സുരേഷിനെ കൃഷിക്ക് സഹായിക്കാറുമുണ്ട്. പച്ചക്കറി കൃഷിക്ക് പുറമെ നൂറിലേറെ മുട്ടക്കോഴികള്‍, രണ്ട് ടാങ്കുകളിലായി മത്സ്യങ്ങള്‍, അലങ്കാര പക്ഷികള്‍ എന്നിവയെയും സുരേഷ് വളര്‍ത്തുന്നുണ്ട്.

കൃഷി പ്രമേയമാക്കിയുള്ള ചില കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. എന്റെ നെല്‍പ്പാടം, പുഴയോരം, തുലാവര്‍ഷം, മരമുത്തശ്ശി, കുട്ടിക്കാലം എന്നിവയാണ് അദ്ദേഹത്തിന്റെ കവിതകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്പ്രത്ത്കര യു.പി സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായിരുന്ന അദ്ദേഹം കുട്ടികള്‍ക്കൊപ്പം കലാരംഗത്തും സജീവമായിരുന്നു. സ്‌കൂള്‍ വാര്‍ഷികത്തിന് സുരേഷ് എഴുതി സംവിധാനം ചെയ്ത് കുട്ടികള്‍ അവതരിപ്പിച്ച നാടകം ഏറെ ശ്രദ്ധേയമായിരുന്നു. ആശ്രമം സ്‌കൂളിന്റെ പ്രവേശനഗാനവും സുരേഷ് രചിച്ചിട്ടുണ്ട്.