സാന്ത്വന പരിചരണം അവരവരുടെ കടമ; കൊയിലാണ്ടി നെസ്റ്റ് സംഘടിപ്പിച്ച സ്വാന്തന സന്ദേശയാത്രയില്‍ അണിനിരന്നത് ഇരുന്നൂറിലധികം വിദ്യാർത്ഥികൾ
കൊയിലാണ്ടി: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിനു മുന്നോടിയായി സ്വാന്തന പരിചരണത്തിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുന്നതിനായി കൊയിലാണ്ടിയിലെ നെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വാന്തന സന്ദേശയാത്ര സംഘടിപ്പിച്ചു. രോഗി പരിചരണവും വയോജന സംരക്ഷണവും നമ്മുടെ സമൂഹത്തിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നും അതിൻറെ ആവശ്യകതയെ പറ്റിയും ജനങ്ങളെ ബോധവൽക്കരിക്കാനായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ സ്കിറ്റും ഫ്ലാഷ് മോബും അവതരിപ്പിച്ചു.
സ്വാന്തന പരിചരണം അവരവരുടെ കടമയാണെന്ന് ഓർമിപ്പിച്ചു കൊണ്ട് സ്വാന്തന പരിചരണ പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധിയായ സിയ ചൊല്ലിക്കുടുത്തു. കൊയിലാണ്ടിയിലെ വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും 200ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത സ്വാന്തന സന്ദേശയാത്ര കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ സമാപിച്ചു.
തുടർന്ന് നടന്ന സമാപനയോഗത്തിൽ നെസ്റ്റ് ട്രഷറർ ടി.പി. ബഷീർ സ്വാഗതം പറഞ്ഞു. ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ.വി, ഷീബ ടി.എം, നിഷിദ എൻ.കെ,സിന്ധു.പി, ജി.എച്ച്.എസ്.എസ്. പന്തലായനിയിലെ അധ്യാപകൻ അഷ്റഫ്. ടി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നെസ്റ്റ് കമ്മറ്റി അംഗങ്ങളും സ്റ്റാഫും പരിപാടിക്കു നേതൃത്വം നൽകി. നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനസ് നന്ദി പറഞ്ഞു.