കൊയിലാണ്ടി നഗരസഭ കേരളോത്സവം: ആവേശപ്പോരിൽ കെജെഎം കൾച്ചറൽ ബ്രിഡ്ജ്! കിരീടം ചൂടിയത് പെനാൽറ്റിയിൽ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കേരളോത്സവം 2023ലെ ഇന്നത്തെ കായിക മത്സരങ്ങൾ ആവേശകരമായ ഫുട്‌ബോള്‍ മത്സരങ്ങളോടെ അവസാനിച്ചു. മൊത്തം 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ബൊക്ക ജൂനിയർ വിയ്യുരും, കെജെഎം കൾച്ചറൽ ബ്രിഡ്ജ് കൊല്ലവുമായിരുന്നു ഫൈനലില്‍.

വീറും വാശിയും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ പെനാൽറ്റി ഷൂട്ട്‌ ഔട്ടിലൂടെ കെജെഎം കൾച്ചറൽ ബ്രിഡ്ജ് വിജയികളായി. വിജയികള്‍ക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും നഗരസഭ ചെയർപേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് വിതരണം ചെയ്തു.

മറ്റു കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അജിത് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി എന്നിവർ നിർവഹിച്ചു. സ്പോർട്സ് കൺവീനർ ഋഷിദാസ് കല്ലാട്ട്, കൗൺസിലർ രമേശൻ വലിയട്ടിൽ, നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജമീഷ്, നഗരസഭ ജീവനക്കാരായ അനൂപ്, ജിഷാന്ത് എന്നിവര്‍ പങ്കെടുത്തു.