ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി കൊയിലാണ്ടി എം.എൽ.എ കാനത്തില്‍ ജമീല
കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി കൊയിലാണ്ടി എം.എല്‍.എയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കാനത്തില്‍ ജമീലയെ തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനമാണ് കാനത്തില്‍ ജമീലയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
സൂസന്‍ കോടിയാണ് പ്രസിഡന്റ്. സെക്രട്ടറിയായി സി.എസ്.സുജാതയെയും ട്രഷററായി ഇ.പത്മാവതിയെയും സമ്മേളനനം തെരഞ്ഞെടുത്തു. കൂടാതെ 37 അംഗ എക്‌സിക്യുട്ടീവിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
കാനത്തില്‍ ജമീലയെ കൂടാതെ എം.വി.സരള, കെ.പി.വി.പ്രീത, ഇ.സിന്ധു, കെ.ജി.രാജേശ്വരി, അഡ്വ. കെ.ആര്‍.വിജയ, കെ.വി.ബിന്ദു, കോമളം അനിരുദ്ധന്‍, ടി.ഗീനാകുമാരി, ശൈലജ സുരേന്ദ്രന്‍, രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവരെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി എം.സുമതി, പി.കെ.ശ്യാമള, പി.പി.ദിവ്യ, കെ.കെ.ലതിക, വി.ടി.സോഫിയ, സുബൈദ ഇസ്ഹാഖ്, മേരി തോമസ്, ടി.വി.അനിത, സബിതാ ബീഗം, എസ്.പുഷ്പലത എന്നിവരേയും തെരഞ്ഞെടുത്തു.
മൂന്ന് ദിവസമായി ആലപ്പുഴയിലെ എം.സി.ജോസഫൈന്‍ നഗറില്‍ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് വൈകിട്ട് ലക്ഷം പേരുടെ പ്രകടനത്തോടും പൊതുസമ്മേളനത്തോടുംകൂടി സമാപിക്കും. തിങ്കളാഴ്ചയാണ് സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ്പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത പ്രവര്‍ത്തന റിപ്പോര്‍ട്ടും അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്ളെ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ചൊവ്വാ രാവിലെ പൊതുചര്‍ച്ച ആരംഭിച്ചു. നാല് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകര്‍ക്കരുത്, സര്‍വകലാശാലകളിലെ കാവിവല്‍ക്കരണം ചെറുക്കുക, ബാങ്കിങ്, ഐ.ടി മേഖലകളിലെ സ്ത്രീകളുടെ ജോലി സുരക്ഷ ഉറപ്പാക്കുക, ലഹരി വസ്തുക്കളുടെ നിയന്ത്രണത്തില്‍ കേന്ദ്ര നിയമം ഭേദഗതി ചെയ്യുക എന്നീ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.