വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ ഇരിപ്പിടങ്ങള്‍, വഴി നീളെ തെരുവുവിളക്കുകള്‍; പൈതൃക തനിമ കൈവിടാതെ അടിമുടി മാറാനൊരുങ്ങി കൊയിലാണ്ടി മാരാമുറ്റം തെരു റോഡ്


Advertisement

കൊയിലാണ്ടി: വഴി നീളെ തണല്‍വൃക്ഷങ്ങള്‍, വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ ഇരിപ്പിടങ്ങള്‍….കൊയിലാണ്ടിക്കാരുടെ മാരാമുറ്റം തെരു റോഡ് അടിമുടി മാറാനൊരുങ്ങുന്നു. നഗരസഭയുടെ നേതൃത്വത്തിലാണ് റോഡ് നവീകരിക്കുന്നത്. കൊയിലാണ്ടിയിലെ ഏറ്റവും പ്രാചീനതെരുവായ മാരാമുറ്റം തെരു റോഡിന്റെ നവീകരണം നാട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു.

Advertisement

സമീപ വാസികൾ, വ്യാപാരികൾ, റെസിഡൻറ്‌സ്‌ അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുക. ആദ്യം തന്നെ റോഡരികിലെ തണല്‍വൃക്ഷങ്ങള്‍ തറ കെട്ടി സംരക്ഷിക്കാനുള്ള പ്രവൃത്തികളാണ് ആരംഭിക്കുക. തുടര്‍ന്ന് റോഡിന്റെ ഇരുവശവും ടൈല്‍ പാകും. പിന്നാലെ വഴി വിളക്കുകള്‍ സ്ഥാപിക്കും. പൈതൃകറോഡിന്റെ പ്രൗഢിയും പെരുമയും നിലനിര്‍ത്തികൊണ്ടാണ് നവീകരണം. മുക്കാൽ കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡില്‍ പ്രഭാത, സായാഹ്ന സവാരി നടത്താനുള്ള സൗകര്യവും ഉണ്ടാവും.

Advertisement

നഗരസഭയുടെ ഫണ്ടിനൊപ്പം റസിഡന്‍സ് അസോസിയേഷന്‍ പോലെ സന്നദ്ധരായവരുടെ സ്‌പോണ്‍സര്‍ഷിപ്പും ചേര്‍ത്താണ് നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്. നിലവില്‍ 10ലക്ഷം രൂപ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ ഫണ്ട് നല്‍കും. സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും, കൊയിലാണ്ടിയുടെ കഥാകാരൻ യു.എ. ഖാദറിന്റെ കഥകളിലും പലതവണ ഇടംനേടിയ മാരാമുറ്റം തെരു റോഡ് നവീകരരണത്തിന് പ്രദേശവാസികള്‍ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണാതെ പോവുകയായിരുന്നു.

നവീകരണപ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10മണിക്ക്‌ നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട് നിർവഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത് സ്വാഗതം പറഞ്ഞു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ ഇന്ദിര ടീച്ചര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, കൗണ്‍സിലര്‍മാരായ എ.ലളിത, പി.രത്‌നവല്ലി ടീച്ചര്‍, പി.പി ഇബ്രാഹിംകുട്ടി, മിഡ് ടൗൺ റെസിഡൻറ്‌സ്‌ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.ശ്രീനിവാസന്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ശിവപ്രസാദ്‌ നന്ദി പറഞ്ഞു.

Koyilandy Maramuttam Teru Road is about to change dramatically