‘കൊയിലാണ്ടിയിലെ മൈതാനങ്ങളെ ഒരു കാലത്ത് ആവേശം കൊള്ളിച്ച ഫുട്‌ബോള്‍ പ്ലെയര്‍, സൗഹൃദങ്ങളെ ഹൃദയത്തോട് ചേര്‍ത്ത പ്രിയപ്പെട്ട ‘കരാട്ടേ മണി’; മണമല്‍ സ്വദേശി ദിനേശിന് നാടിന്റെ യാത്രാമൊഴി
കൊയിലാണ്ടി: ഒരു കാലത്ത് കൊയിലാണ്ടിയിലെ മൈതാനങ്ങളെ ആവേശം കൊള്ളിച്ച ഫുട്‌ബോള്‍ പ്ലെയര്‍, നൂറ് കണക്കിന് ശിഷ്യരുള്ള കരാട്ടെ അധ്യാപകന്‍….അതിനെല്ലാം ഉപരി സുഹൃത്തുക്കളെ ജീവന് തുല്യം സ്‌നേഹിച്ചവന്‍. വാഹനാപകടത്തില്‍ മരിച്ച മണമല്‍ ദിനേശ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കരാട്ടെ മണിയെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് ഇതാണ്.
മിക്ക ദിവസങ്ങളിലും കൊയിലാണ്ടി ടൗണിലെ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു മണി. കളിയും ചിരിയും പഴകാല ഓര്‍മകളും പങ്കുവെച്ച് ഏറെ നേരം ടൗണില്‍ ചിലവഴിക്കും. ശേഷം വീട്ടിലേക്ക് മടങ്ങും. ഇതായിരുന്നു പതിവ്. ക്ലബുകളും കലാസമിതികളും സജീവമായ കാലത്ത് ഫുട്‌ബോള്‍ പ്രേമികളുടെ ആവേശമായിരുന്നു മണി. ബൂട്ടുകള്‍ അത്ര പ്രചാരത്തില്‍ അല്ലായിരുന്ന അന്നത്തെ കാലത്ത് ലങ്കോട്ടിയും അതിന് മുകളില്‍ ട്രൗസറും കാലില്‍ ബാന്‍ഡേജും കെട്ടിയായിരുന്നു മണിയുടെ ഫുട്‌ബോള്‍ കളി. ഫുട്‌ബോളിനൊപ്പം തന്നെ കരാട്ടയിലും സജീവമായിരുന്നു.
കൊയിലാണ്ടി മണമലില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
ഇന്നലെ രാത്രിയോടെയാണ് വീടിന് സമീപത്ത് വച്ച് പ്രദേശവാസിയായ യുവാവ് ഓടിച്ച ബൈക്ക് തട്ടി മണി മരിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌ക്കൂട്ടര്‍ ഇടിച്ച് തെറിച്ച് സമീപത്തെ ഡ്രൈനേജില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ നടന്ന സംസ്‌കാര ചടങ്ങുകളില്‍ നൂറ് കണക്കിന് പേരാണ് മണിയെ അവസാനമായി കാണാന്‍ വീട്ടിലേക്ക് എത്തിയത്.
Description: koyilandy manamal native dinesh death Follow up