പൊടിശല്യത്തില്‍ നിന്ന് ആശ്വാസം; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊയിലാണ്ടി ഹാര്‍ബര്‍ റോഡിന്റെ പണിപൂര്‍ത്തീകരിച്ചു


കൊയിലാണ്ടി: ഏറെക്കാലമായി കുണ്ടും കുഴിയും പൊടിയുമായി നഗരവാസികള്‍ക്ക് ശല്യമായി മാറിയ കൊയിലാണ്ടി ഹാര്‍ബര്‍ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് മുഖേന 34.5 ലക്ഷം രൂപ ചെലവഴിച്ച് 640 മീറ്റര്‍ നീളത്തിലാണ് റോഡ് നവീകരിച്ചിരിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രി, ട്രാഫിക് പൊലീസ് സ്‌റഅറേഷന്‍, വില്ലേജ് ഓഫീസ്, തണല്‍ ഡയാലിസിസ് സെന്റര്‍, നിരവധി ലാബുകള്‍, ഫാര്‍മസികള്‍ എന്നിവ ഉള്‍പ്പെടെ ധാരാളം പ്രധാന സ്ഥാപനങ്ങളാണ് ഈ റോഡിന് ഇരുവശവുമായി നിലകൊള്ളുന്നത്. ഹാര്‍ബറിലേക്കുള്ള പ്രധാന റോഡ് എന്ന രീതിയിലും ടൗണ്‍ വാര്‍ഡിലെ പ്രധാന റോഡ് എന്ന രീതിയിലും ബീച്ച് റോഡിന്റെ പ്രാധാന്യം വലുതാണ്.

ഏഴുമാസത്തിലധികമായി ഈ റോഡിന്റെ പ്രവൃത്തി തുടങ്ങിയിട്ട്. 2023 മെയ് 11നാണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. റോഡില്‍ കല്ലിടല്‍ പ്രവൃത്തി നടന്നെങ്കിലും മഴ തുടങ്ങിയതോടെ ടാറിങ് പണികള്‍ നീണ്ടുപോയി. ഇതോടെ റോഡിലെ പൊടിപടലം കാരണം സമീപത്തെ സ്ഥാപനങ്ങളിലുള്ളവരും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നവരും പ്രയാസത്തിലായിരുന്നു.

റോഡിന്റെ പ്രവൃത്തി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ എ.അസീസിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹാര്‍ബര്‍ എഞ്ചിനിയറിങ് ഓഫീസ് ഉപരോധിച്ചിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചതിലൂടെ സാധിച്ചിരിക്കുന്നത്.