ഓണത്തിന് കുടിച്ച് തീര്‍ത്തത് കോടികളുടെ മദ്യം; കൊയിലാണ്ടിക്കാര്‍ ജില്ലയില്‍ രണ്ടാമത്, കണക്കുകള്‍ പുറത്ത്


സ്വന്തം ലേഖകൻ

കൊയിലാണ്ടി: ജില്ലയിലെ കണ്‍സ്യൂമര്‍ ഫെഡ് മുഖേന ഓണത്തിന് വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. ജില്ലയിലെ നാല് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലൂടെ ഉത്രാടം നാളിൽ മാത്രം രണ്ടരക്കോടിയിൽ പരം രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. ആകെ 2,58,83,000 രൂപയുടെ വിൽപ്പനയാണ് ജില്ലയിൽ അന്നേദിവസം നടന്നത്. കോഴിക്കോട്, കൊയിലാണ്ടി ഔട്ട്ലറ്റുകളാണ് ഉത്രാടം നാളിലെ വിൽപ്പനയിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയത്.

73.86 ലക്ഷം രൂപയുടെ മദ്യമാണ് കൊയിലാണ്ടിയിലെ ഔട്ട്‌ലറ്റില്‍ നിന്നും വിറ്റുപോയത്. കോഴിക്കോട് ഇത് 75.56 ലക്ഷമാണ്. ബാലുശേരിയിൽ 60.50 ലക്ഷവും തൊട്ടിൽപ്പാലത്ത് 48.91 ലക്ഷത്തിന്റെ മദ്യവുമാണ് ആ​ഗസ്റ്റ് 28ന് മാത്രം വിൽപ്പന നടത്തിയത്. മറ്റ് ദിവസങ്ങളിലെ കണക്ക് കൂടെ ലഭിക്കുമ്പോൾ ഓരോ ഔട്ട്ലെറ്റുകളിലൂടെയും നടത്തിയ വിൽപ്പന കോടി കടക്കും.

അതേസമയം കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്താകെ വിൽപ്പന നടത്തിയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി.

ഇരിങ്ങാലക്കുട ഔട്ട് ലൈറ്റിലൂടെ 1.06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമം ഔട്ട് ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവും വിൽപ്പന നടത്തി. ചിന്നക്കനാൽ ഔട്ട് ലെറ്റിലൂടെയാണ് ഏറ്റവും കുറഞ്ഞ വിൽപ്പന നടന്നത്. 6. 32 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്.

Related News- വിഷുവിന് മൂന്നുദിവസങ്ങളിലായി കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും വിറ്റുപോയത് ഒന്നേകാൽ കോടിയിലേറെ രൂപയുടെ മദ്യം; മദ്യവില്‍പ്പനയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനം കൊയിലാണ്ടിക്ക്- മദ്യവില്‍പ്പന വിശദാംശങ്ങള്‍ അറിയാം

Summary: Koyilandy Consumer Fed ranks second in the district in liquor sales