കൊയിലാണ്ടി നിയോജക മണ്ഡലം തല വിദ്യാഭ്യാസ പദ്ധതി; തലമുറകളുടെ സംവാദത്തിന് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം


കൊയിലാണ്ടി: നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാനത്തില്‍ ജമീല എം.എല്‍.എ യുടെ നേതൃത്വത്തില്‍ (തലമുറകളുടെ സംവാദം സംഘടിപ്പിച്ചു. പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ചടങ്ങില്‍ അധ്യക്ഷയായി.

യുവതലമുറയില്‍ ഭൂരിഭാഗവും കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സ്ഥിതിഗതിയില്‍ മുതിര്‍ന്ന പൗരന്‍മാരും പുതിയ തലമുറയും തമ്മില്‍ ആശയവിനിമയത്തിന്റെ അദൃശ്യമായൊരു വിടവ് അറിയാതെ രൂപപ്പെടുകയാണ്. ആയതിനാല്‍ സംസ്‌കാരവും സാഹിത്യവും കലയുമൊക്കെ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതിനാല്‍ പഴയ കളികള്‍, പഴയ പാട്ടുകള്‍, പഴയ വേഷവിധാനം, പഴയ ഗതാഗതം, നിര്‍മാണ രീതികള്‍, പട്ടണങ്ങളുടെ ഘടന, വാഹനങ്ങള്‍, ഭാഷാ പ്രയോഗങ്ങള്‍ എന്നിവ അവരുടെ ചിന്തയിലേക്ക് ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് സംവാദ പരിപാടി സംഘടിപ്പിച്ചത്.

വിദ്യാഭ്യാസം, ആഹാരം, വസ്ത്രം, ഗതാഗതം, കായികം, കലാ സാംസ്‌കാരികം, എന്നീ സെഷനുകളില്‍ എം.കെ. വേലായുധന്‍, അഡ്വ. ടി.കെ. രാധാകൃഷ്ണന്‍ , യു.കെ. രാഘവന്‍, മേപ്പയില്‍ ബാലകൃഷ്ണന്‍, അഡ്വ.കെ.വിജയന്‍,എന്‍.വി. വല്‍സന്‍, ഇ.കെ.കൃഷ്ണന്‍, ആര്‍. കെ. ദീപ, ഇ.എസ്. രാജന്‍, സി. ജയരാജ്, ഋഷിദാസ് കല്ലാട്ട്, വി.എം. രാമചന്ദ്രന്‍,സത്യന്‍ കണ്ടോത്ത്, എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികളായ ദേവാഞ്ജന വിനോദ്, അദ്വൈത് ,കിരണ്‍ദേവ്, ഫാത്തിമ നൂറ ,എയ്ഞ്ചലാ ജിജീഷ് എന്നിവര്‍ മോഡറേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, കൗണ്‍സിലര്‍ എ . ലളിത, പി. വിശ്വന്‍,വി. സുചീന്ദ്രന്‍, ഹരീഷ് എന്‍.കെ., യു.കെ. ചന്ദ്രന്‍, യു. ബിജേഷ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതി കോര്‍ഡിനേറ്റര്‍ എം.ജി. ബല്‍രാജ് പദ്ധതി വിശദീകരണവും നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.കെ. യൂനുസ് വിവിധ സെഷനകളുടെ ക്രോഡീകരണവും നടത്തി. പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ്കുമാര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ.കെ. സുധാകരന്‍ നന്ദിയും പറഞ്ഞു.