വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക; വിദ്യാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടി നഗരസഭ ‘ഗുഡ്‌മോര്‍ണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ആരംഭിച്ചു



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ‘ഗുഡ്‌മോര്‍ണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ആരംഭിച്ചു. നഗരസഭയിലെ ഏഴാം ക്ലാസ് വരെയുള്ള 23 സ്‌കൂളുകളിലുമുള്ള 5000ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇടവേള ഭക്ഷണമൊരുക്കി വേറിട്ട മാതൃകയാകുന്നത്.
നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ് ഇടവേള ഭക്ഷണ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. രാവിലെ 10.30 തോടെ 15 കുടുംബശ്രീ സംരംഭകരാണ് മുഴുവന്‍ സ്‌കൂളുകളിലും ഇടവേള ഭക്ഷണം എത്തിക്കുന്നത്. സ്‌കൂള്‍ പ്രധാന അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.

കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ ഭക്ഷണ വിതരണത്തിന്റെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍ വല്‍സരാജ് കേളോത്ത് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ മറ്റ് വിവിധ സ്‌കൂളുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഭക്ഷണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.