പുഷ്പന്റെ മൃതദേഹവുമായി വിലാപയാത്ര 8.45ന് കൊയിലാണ്ടിയിലെത്തും, 9.15 പയ്യോളിയില്‍; കൂത്തുപറമ്പ് സമരപോരാളി പുഷ്പന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്
പയ്യോളി: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി കൊയിലാണ്ടിയിലൂടെ കടന്നുപോകും. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും ആരംഭിക്കുന്ന വിലാപയാത്ര 8.15ന് എലത്തൂരും 8.30 പൂക്കാടും 8.45ന് കൊയിലാണ്ടിയിലും എത്തും. ഒമ്പതുമണിക്ക് നന്തിയിലും 9.15ന് പയ്യോളിയിലും 9.30ന് വടകരയിലുമെത്തും.
9.45ന് നാദാപുരം റോഡിലും 10മണിക്ക് മണിമാഹിയിും 10.15ന് പുന്നോലും കടന്ന് 10.30് തലശ്ശേരി ടൗണ്‍ഹാളിലെത്തും. തുടര്‍ന്ന് അവിടെ പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് 12 മണിവരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരും. പിന്നീട് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. നാലുമണിവരെ പൊതുദര്‍ശനം തുടരും. വൈകുന്നേരം അഞ്ച് മണിക്ക് ചൊക്ലിയിലെ വസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ നടന്ന വെടിവെപ്പില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന പുഷ്പന്റെ സുഷുമ്‌ന നാഡിക്ക് പരിക്കേറ്റു. മന്ത്രി എം.വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു സംഭവം. ഇതോടെ പുഷ്പന്റെ കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു.
കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്ലാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍, കുടുംബം പുലര്‍ത്താനായി ബെംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പില്‍ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്.
ഡി.വൈ.എഫ്.ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).