കൂടത്തായി കൊലപാതക പരമ്പര; നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി പരിശോധനയ്ക്കായി അയച്ചു


 

കൊയിലാണ്ടി: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അൽഫൈൻ, മാത്യു മഞ്ചാടി എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് ഹൈദ്രാബാദിലെ സെന്റർ ഫോർ ഫോറൻസിക് ലാബിൽ എത്തിച്ചത്.

റോയി തോമസ്, സിലി എന്നിവരുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ പരിശോധനക്ക് അയച്ചിരുന്നു. ഇവരുടെ ശരീരത്തിൽ സൈനയ്ഡിന്റെ അംശം ഉണ്ടോ എന്ന് പരിശോധിക്കാൻ കോഴിക്കോട് ജില്ലാക്കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിലെ പ്രധാന പ്രതി റോയി തോമസിന്‍റെ ഭാര്യ ജോളിയാണ്.

റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന്റെ സംഘത്തിലുൾപ്പെട്ട എസ്.ഐമാരായ പി.പി.മോഹന കൃഷ്ണൻ, വി.പി. രവി, എ.എസ്.ഐ. എം.പി. ശ്യാം, സി.പി.ഒ. കെ.വി. പ്രവീൺ എന്നിവരാണ് ഹൈദ്രാബാദിലെ സെന്റർ ഫോർ ഫോറൻസിക് ലാബിലേക്ക് പോയിരിക്കുന്നത്.

14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരുടെ കൊലപാതകമാണ് കൂടത്തായിൽ നടന്നത്. 2019 ഒക്ടോബര്‍ അഞ്ചിന് മുഖ്യപ്രതി ജോളി പൊന്നാമറ്റം വീട്ടില്‍ നിന്ന് അറസ്റ്റിലായി . ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.